പാലക്കാട്: ഇന്നലെ രാവിലെ തനിക്കൊപ്പം യാത്ര ചെയ്ത കൂട്ടുകാരന് ഇന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ വിശ്വസിക്കാനാകാതെ വിതുമ്പുകയാണ് ആൽവിന്റെ കൂട്ടൂകാർ. നാലു പേരുടെ ജീവനെടുത്ത കുസാറ്റ് അപകടത്തിലാണ് ആൽവിനും ഇല്ലാതായത്. ഫയർ സേഫ്റ്റി കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ കുസാറ്റിലെത്തിയതായിരുന്നു ആൽവിൻ. ഇന്നലെ രാവിലെയാണ് സുഹൃത്തിനൊപ്പം മുണ്ടൂരിലെ വീട്ടിൽ നിന്നും ആൽവിൻ പുറപ്പെട്ടത്. കൂട്ടുകാർക്ക് ഒരു വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന ആൽബിൻ ഇനിയില്ല. ഞായറാഴ്ച ദിവസങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുമായിരുന്നു ഈ ചെറുപ്പക്കാരന്. എന്നാല്‍ ഇനി അവര്‍ക്കൊപ്പം ആല്‍ബിനില്ല. അവരുടെയെല്ലാം ഹൃദയത്തിൽ ചിരിച്ച മുഖം ഓർമ്മയാക്കിയാണ് ആൽബിൻ മടങ്ങിയത്.
ഇന്നലെ രാവിലെ 7.30 ന് കൂട്ടുകാരനായ ജിനുവിനൊപ്പമാണ് ആല്ബിന് വീട്ടില്‍ നിന്നിറങ്ങിയത്. ആല്‍ബിനെ ബസ് കയറ്റിവിടാനും സുഹൃത്ത് കൂടെയുണ്ടായിരുന്നു. ‘അവന്റെ അമ്മയാണ് വിളിച്ച് പറയുന്നത്, അവനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്. അമ്മ പറഞ്ഞിട്ടാണ് ഞാന്‍ വിളിക്കുന്നത്. കുറെ ട്രൈ ചെയ്തു ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുറെ കഴിഞ്ഞ് ആല്‍ബിന്റെ സുഹൃത്താണോ എന്ന് ചോദിച്ച് എനിക്കൊരു കോള്‍ വന്നു. ഒരു ഐഡി കാര്‍ഡ് അയക്കാം നോക്കിയിട്ട് പറയാൻ പറഞ്ഞു. നോക്കിയപ്പോ അവനായിരുന്നു. ഞാനപ്പോൾ തന്നെ ഏട്ടനോട് പറഞ്ഞു. പിന്നെ എല്ലാവരും കൂടി എറണാകുളത്തേക്ക് പോയി. രാവിലെ നേരത്തെ ട്രെയിൻ കയറി വരാം. എന്നിട്ട് കളിക്കാൻ പോകാം എന്നാണ് അവന് പറഞ്ഞ്. പക്ഷേ അതിങ്ങനെയാകുമെന്ന്… ‘ജിനുവന്റെ വാക്കുകൾ പാതിവഴിയിൽ മുറിയുന്നു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയാണ് വലിയ അപകടം ഉണ്ടായത്. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്.
വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടി നിയന്ത്രിച്ചതും വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു വളണ്ടിയർമാർ. സ്കൂൾ ഓഫ് എഞ്ചിനീയറിങിലെയും ടെക് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും മാത്രമായിരുന്നു ഗാനമേളയ്ക്ക് പ്രവേശനം. ഇവർക്ക് പ്രത്യേകം ടീ ഷർട്ട് നൽകിയിരുന്നു. ഇത് ധരിച്ചവർക്ക് മാത്രമായിരുന്നു. പ്രവേശനം.
വൈകിട്ട് ഏഴ് മണിയോടെ വിദ്യാർത്ഥികളെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയിൽ പുറത്ത് മഴ പെയ്തു. ഈ സമയത്ത് വിദ്യാർത്ഥികൾ തള്ളിക്കയറാൻ ശ്രമിച്ചു. ആംഫിതിയേറ്ററിലേക്ക് ഇറങ്ങി പോകുന്ന പടികളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പുറകിൽ നിന്നുള്ള തള്ളലിൽ നിലത്ത് വീണു. ഇവർക്ക് മുകളിലേക്ക് പിന്നെയും വിദ്യാർത്ഥികൾ വീണു. വീണുകിടന്ന വിദ്യാർത്ഥികളെ പിന്നാലെയെത്തിയവർ ചവിട്ടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. അപകട സ്ഥലത്ത് നിന്നും ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ആൽബിനടക്കം മരിച്ച നാല് പേരും ആശുപത്രിയിലെത്തും മുൻപ് അന്ത്യശ്വാസം വെടിഞ്ഞിരുന്നു.
Last Updated Nov 26, 2023, 1:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]