“ഓഹോ അപ്പൊ മലയാളത്തിൽ ഇങ്ങനെയും എഴുതാൻ പറ്റുമല്ലേ?”, “അൺഎക്സ്പെക്ടഡ് മലയാളം ലിറിക്സ്”… തീർന്നിട്ടില്ല അടുത്തിടെ ഇറങ്ങിയ തമിഴ് ഹിറ്റ് ഗാനങ്ങളുടെ മൊഴിമാറ്റങ്ങൾക്ക് യൂട്യൂബിൽ വന്ന നൂറുകണക്കിന് കമന്റുകളിൽ ചിലത് മാത്രമാണിവ.
പാൻ ഇന്ത്യ ചിത്രങ്ങളുടെ കാലമായതിനാൽത്തന്നെ മൊഴിമാറ്റച്ചിത്രം എന്ന വിശേഷണം അപ്രസക്തമായിരിക്കുന്നു, അതിനാൽത്തന്നെ ഒറിജിനൽ സോങ്ങിനോടൊപ്പം അതേ പ്രാധാന്യത്തോടെ ഡബ്ബിങ് സോങ്ങും പുറത്തിറക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ ശ്രദ്ധ പുലർത്തുന്നു. തമിഴ് ബ്ലോക് ബസ്റ്റേഴ്സായ ‘ലിയോ’യിലേയും ‘ജയിലറി’ലേയും മലയാളഗാന വീഡിയോകൾക്ക് കീഴെയാണ് മൊഴിമാറ്റിയ എഴുത്തുകാരന് അഭിനന്ദനവും അംഗീകാരവും നിറഞ്ഞിരിക്കുന്നത്. മില്യൺ വ്യൂസ് നേടിയ മറ്റ് ഡബ്ബിങ് ഗാനങ്ങളുണ്ടോയെന്ന കാര്യവും സംശയമാണ്. മൊഴിമാറ്റിയ ഗാനങ്ങൾക്ക് ഒറിജിനൽ ഗാനങ്ങളുടെ ഭാവവും തീവ്രതയും അതേ അളവിൽ പകരാൻ ദീപക് റാം എന്ന എഴുത്തുകാരൻ ശ്രദ്ധ ചെലുത്തിയിരിക്കുന്നു. മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ അനന്തരവന് അദ്ദേഹത്തിന്റെ സമ്പന്നമായ ഭാഷയും രചനാശൈലിയും കിട്ടിയതിൽ അദ്ഭുതപ്പെടാനില്ല. തന്റെ ഹിറ്റ് ഗാനങ്ങളെ കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ദീപക് സംസാരിക്കുന്നു.
സൗണ്ട് എന്ജിനീയറില് നിന്ന് പാട്ടെഴുത്തുകാരനിലേക്ക്; അപ്രതീക്ഷിതമായിരുന്നോ മാറ്റം, ആ അനുഭവങ്ങൾ?
പാട്ടെഴുത്തുകാരനാകാന്‍ വേണ്ടിയാണ് ഞാന്‍ സൗണ്ട് എന്ജിനീയറാകുന്നതുതന്നെ. മാമന് മരിക്കുന്ന സമയത്തൊന്നും (2010 ഫെബ്രുവരി10-നാണ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചത്) ഞാന്‍ പാട്ടെഴുത്ത് എന്ന ഫീല്‍ഡിലേക്ക് വരണമെന്ന് കരുതിയിരുന്നില്ല. അതിനുമുമ്പ് തന്നെ കവിതകളൊക്കെ എഴുതാറുണ്ടായിരുന്നുവെങ്കിലും പ്രസിദ്ധീകരിക്കുന്ന പരിപാടി ഉണ്ടായിരുന്നില്ല. മാമന് മരിച്ചതിനു ശേഷമാണ് എഴുത്തിലേക്കുതന്നെ തിരിയണമെന്ന വലിയൊരാഗ്രഹം ഉണ്ടായത്. ആ സമയത്താണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ഡെന്റല്‍ കോളേജില്‍ പഠിക്കുകയായിരുന്ന സുഹൃത്ത് അര്ജ്ജുന് ഒരു ഗ്രൂപ്പ് സോങ് ആവശ്യപ്പെടുന്നത്. ദേശഭക്തിഗാനം പോലൊന്നാണ് അവന് ആവശ്യപ്പെട്ടത്. ഒരു സ്റ്റാര്‍ട്ടിങ് ട്രബിൾ ഉണ്ടായിരുന്നു. വിചാരിച്ചതുപോലെ എഴുത്ത് തുടങ്ങാനായില്ല. പെട്ടെന്നൊരു ദിവസം മിന്നല്കൈവള ചാര്‍ത്തി എന്ന പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ഒരു ട്യൂണും അതിനനുസരിച്ചുള്ള വരികളും മനസിലേക്ക് വന്നു. അങ്ങനെ ആ ഗാനമെഴുതി. അത് അര്ജ്ജുന് കോളേജില്‍ അവതരിപ്പിക്കുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റി എന്ന സ്റ്റുഡിയോയില്‍ ചേട്ടന് വര്‍ക്ക് ചെയ്തിരുന്നത്. ആ സ്റ്റുഡിയോയില്‍ നിന്നാണ് സൗണ്ട് എന്‍ജിനീയറിങ് പഠിക്കുന്നത്. പിന്നീട് അവിടെത്തന്നെ സൗണ്ട് എന്‍ജിനീയറായി. പാട്ടെഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിയുന്നത് അവിടെ വെച്ചാണ്. പാട്ട് എങ്ങനെ എഴുതണം എന്നതൊക്കെ പഠിച്ചുതുടങ്ങുന്നത് അങ്ങനെയാണ്.
അതിനു ശേഷം യൂണിറ്റിയിലെ ബിജുവേട്ടനുവേണ്ടി ഒരു ഭക്തിഗാനമെഴുതി. തുടര്‍ന്ന് ഒരു ഷോര്‍ട്ട് ഫിലിമിനായി കോഴിക്കോടിനെപ്പറ്റിയുള്ള എരിവും പുളിയും എന്ന പാട്ടെഴുതി. റാപ് ഒക്കെയുള്ള ഒരുപാട്ട്. എന്നെ ഗാനരചനയില്‍ത്തന്നെ നിര്‍ത്തിയ, എന്റെ ആദ്യത്തെ നല്ല വര്‍ക്കെന്ന് പറയാവുന്ന പാട്ടാണത്. ആ ഗാനം അത്യാവശ്യം ശ്രദ്ധ ലഭിക്കുകയും ചെയ്തു. പിന്നീടാണ് ഡബ്ബിങ് ആർട്ടിസ്റ്റ് എമിച്ചേച്ചിക്കു വേണ്ടി ‘ഓ മൈ ലവ്’ എന്ന തെലുഗു പടത്തിനുവേണ്ടി ഡബ്ബിങ് പാട്ടെഴുതുന്നത്. യൂണിറ്റിയില്‍നിന്ന് എമിച്ചേച്ചിയുടെ സ്റ്റുഡിയോയിലേക്ക് എന്‍ജിനീയറായി മാറി. ചെന്നൈയിലേക്ക് പോകുമ്പോള്‍ വൈരമുത്തു സാറിനെ കാണുക എന്നതായിരുന്നു പ്രധാനലക്ഷ്യം. ചെന്നൈയില്‍ സെറ്റില്‍ഡ് ആയതോടെ നിറയെ ഡബ്ബിങ് പാട്ടുകള്‍ കിട്ടിത്തുടങ്ങി. എസ്. തമന്, അനിരുദ്ധ്, ജി,വി. പ്രകാശ്, സന്തോഷ് നാരായണ്‍ തുടങ്ങി മുന്‍നിര സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
മൊഴിമാറ്റ ഗാനരചനാ മേഖലയില്‍ മുന്‍നിര ഗാനരചയിതാക്കളുടെ സാന്നിധ്യം വളരെ കുറവായാണ് കണ്ടുവരുന്നത്. പ്രത്യേക കാരണങ്ങളുണ്ടെന്ന് അഭിപ്രായമുണ്ടോ?
മൊഴിമാറ്റ ഗാനങ്ങള്‍ക്ക് സാധാരണ ഗാനങ്ങളുടെ അംഗീകാരം ലഭിക്കാത്തത് അതിനൊരു കാരണമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോഴാണ് ഡബ്ബിങ് ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു മുമ്പും നല്ല ഡബ്ബിങ് ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് മാത്രം. ഒറിജിനല്‍ സോങ് എപ്പോഴും ഡബ്ബിങ് സോങ്ങിനേക്കാള് ഒരുപടി മുകളില്‍ നില്ക്കും, അത് സ്വാഭാവികമാണ്. എത്ര ഡബ്ബ് ചെയ്താലും ഒറിജിനലിന്റെ ക്വാളിറ്റി നമുക്ക് കിട്ടണമെന്നില്ല. മാത്രമല്ല, മലയാളികള്‍ ഒറിജിനല്‍ സോങ്ങിനെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അത്യാവശ്യം ക്വാളിറ്റിയില്‍ ഡബ്ബിങ് പാട്ടുകള്‍ ചെയ്യുന്നതുകൊണ്ടാവണം ഇപ്പോള്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിത്തുടങ്ങിയത്.
മുമ്പൊക്കെ ഒരു ദിവസം തന്നെ നാലും അഞ്ചും ഡബ്ബിങ് പാട്ടുകള്‍ റെക്കോഡ് ചെയ്യാറുണ്ടായിരുന്നു. തെറ്റ് വന്നാലോ അല്ലെങ്കില്‍ വരികളോ വാക്കുകളോ മാച്ച് ചെയ്യുന്നില്ലെങ്കിലോ അതൊന്ന് മാറ്റിച്ചെയ്യാനുള്ള സാവകാശം നിലവിലുണ്ടായിരുന്നില്ല. നാലോ അഞ്ചോ പാട്ടുകളൊക്കെ ഒരു ദിവസം മൊഴിമാറ്റേണ്ടതുണ്ടായിരുന്നു. ക്വാളിറ്റി ഒരിക്കലും മുഖവിലയ്ക്കെടുത്തിരുന്നില്ല എന്നുവേണമെങ്കില്‍ പറയാം. റീവര്‍ക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പക്ഷെ സാഹചര്യം മാറി. മലയാളത്തിലെ ചില ഗാനരചയിതാക്കളെങ്കിലും മൊഴിമാറ്റരംഗത്തേക്ക് വരുന്നുണ്ട്. ഡബ്ബിങ് ആണെങ്കില്‍ പോലും പാട്ടെഴുത്തിനായി നമ്മള് ചെലവാക്കുന്ന അധ്വാനം സമാനമാണ്. സാധാരണ ഒരു പാട്ടെഴുതുമ്പോള്‍ ചിലപ്പോള്‍ ട്യൂണ്‍ മാത്രമായിരിക്കും നമുക്ക് കിട്ടുന്നത്. അപ്പോള്‍ എഴുത്തിന് കുറച്ചുകൂടി സ്വതന്ത്ര്യമുണ്ട്. പക്ഷെ ഡബ്ബ് ചെയ്യേണ്ട സോങ് പലപ്പോഴും വിഷ്വല്‍സ് പോലും ഹിറ്റായതാകും. അപ്പോള്‍ മൊഴിമാറ്റുന്നതില്‍ സൂക്ഷ്മശ്രദ്ധ വേണ്ടി വരും. ചില വരിയൊക്ക മാറ്റാന്‍ തന്നെ പ്രയാസമാണ്.
മൊഴിമാറ്റ ഗാനങ്ങളോട് ശ്രോതാക്കള്‍ക്ക് അപ്രിയമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ മൊഴിമാറ്റച്ചിത്രം എന്ന പ്രയോഗം തന്നെ അപ്രസക്തമാണ്. ദീപക്കിന്റേത് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റാകുന്നു.
തമിഴിലോ തെലുങ്കിലോ കേട്ട് ഇഷ്ടപ്പെട്ട പാട്ടുകള്‍ മലയാളത്തിലേക്ക് വരുമ്പോള്‍ ചിലപ്പോള്‍ വേണ്ടത്ര നിലവാരമില്ലാതെ വരുന്നുവെന്നു കണ്ടാല്‍ മലയാളികള്‍ ഉറപ്പായും ട്രോളും. പരിഹാസത്തിന് വഴിവെക്കുന്ന തരത്തില്‍ ഒരുപാട് ഗാനങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ഡബ്ബ് ചെയ്യുന്ന പല പടങ്ങള്‍ക്കും ഫണ്ടൊക്കെ കുറവായിരിക്കും. മൊഴിമാറ്റം വരുന്ന സമയത്ത് ചുരുങ്ങിയ പ്രതിഫലത്തിനായിരിക്കും എഴുതുന്നവരും പാടുന്നവരുമൊക്കെ ആ സിനിമയ്ക്ക് വേണ്ടി സഹകരിക്കുന്നത്. പിന്നെയുള്ളത് സമയമാണ്, ഒരു ദിവസം തന്നെ മൂന്നും നാലും പാട്ടുകളൊക്കെ എഴുതുകയും പാടുകയുമൊക്ക വേണ്ടിവരുമ്പോള്‍ ആകെ കുടുങ്ങിപ്പോകും. പലപ്പോഴും റീവര്ക്കുകളുണ്ടാകില്ല. ക്വാളിറ്റി പല സ്ഥലങ്ങളിലും നഷ്ടപ്പെടും. ചില പാട്ടുകള്‍ക്ക് പ്രോപ്പര്‍ മിക്സിങ്ങുണ്ടാകാറില്ല. അങ്ങനെയൊക്ക വരുമ്പോള്‍ പല പാട്ടുകളും നമുക്ക് അരോചകമായി തോന്നാം. അത്തരം പാട്ടുകള്‍ കൂടുതലായി ഇറങ്ങിയിരുന്നതു കൊണ്ടൊക്കെ ആയിരിക്കാം ആളുകള്‍ക്ക് ഡബ്ബിങ് പാട്ടുകള്‍ അത്ര പ്രിയമില്ലാതിരുന്നത്. എന്നാലിപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. നല്ല എഴുത്തുകാര്‍ ഡബ്ബിങ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നത് നല്ല കാര്യമാണ്.
എത്തരത്തിലാണ് താങ്കളുടെ ഒരു രചനാരീതി, മൊഴിമാറ്റ ഗാനങ്ങളാകുമ്പോൾ ആദ്യമേ തന്നെ രചന നിർവഹിക്കുന്ന രീതിയാണോ അതോ ഇതരഭാഷയിലെ ഗാനം വന്ന ശേഷം അതിന് സമാനമായി എഴുതുന്നതാണോ പതിവ്?
പാട്ടിന്റെ യഥാര്ഥവേര്ഷന്, തമിഴാണെങ്കില്‍ തമിഴ്, ചെയ്ത ശേഷമായിരിക്കും നമുക്ക് പലപ്പോഴും ഫയല്‍ കിട്ടുന്നത്. റിലീസായ പാട്ടുകളോ റിലീസിന് ഒരുങ്ങിയിരിക്കുന്ന പാട്ടുകളോ ആകാം കിട്ടുന്നത്. അങ്ങനെയല്ലാത്ത വര്‍ക്കുകളും കിട്ടാറുണ്ട്. ഒരു ഭാഷയില്‍ നിന്നുള്ള മൊഴിമാറ്റമാകുമ്പോള് അതേ അര്‍ഥം തന്നെ വരികള്‍ക്ക് കൊടുക്കുക എന്നത് പലപ്പോഴും പ്രായോഗികമാകമെന്നില്ല, വരികള്‍ ആസ്വദിക്കാന്‍ കഴിയുന്നവയുമാകണം. പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് നല്ലൊരു പാട്ടുണ്ടാകുന്നത്. ഡബ്ബിങ് പാട്ടുകളാകുമ്പോള്‍ ഒരുപാട് പരിമിതികള്‍ കടന്നിട്ടുവേണം പാട്ടെഴുതേണ്ടത്. ഞാന്‍ ശ്രദ്ധിക്കുന്ന കാര്യം- പാട്ടിന്റെ ആശയം മനസിലാക്കുക, കഴിയുന്ന രീതിയില്‍ പുതിയതാക്കാന്‍ പറ്റുമെങ്കില്‍ അതുചെയ്യുക- ‘ലിയോ’യിലെ അന്പെഴും ആയുധം എന്ന ഗാനം നോക്കിയാല്‍ അതിലെ പല വാക്കുകളും തമിഴുമായി മാച്ച് ചെയ്ത് നില്‍ക്കുന്നുണ്ട്- ചില പാട്ടുകള്‍ ആ രീതിയിലെഴുതും, അതായത് ഒറിജിനലുമായി ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍, അതേസമയം, നമ്മുടെതായ മാറ്റങ്ങള്‍ അതിലുണ്ടാകും.
‘ജയിലറി’ലെ വെണ്ണിലാവിന്‍ ചില്ലപോലെ എന്ന പാട്ട് (രത്തമാരെ) നോക്കിയാല്‍ അത് ഒറിജിനലില്നിന്ന് തികച്ചും വേറെ തന്നെയാണ്. ഇതു രണ്ടുമല്ലാതെ ചിലപ്പോള്‍ ഗാനം അതേ രീതിയില്‍ തന്നെ ട്രാന്‍സലേറ്റ് ചെയ്യേണ്ടിവരും. പത്തല പത്തല (ചിത്രം: വിക്രം), നാ റെഡി… ഇത്തരം പാട്ടുകളില്‍ ഒറിജിനലിനെ പരമാവധി ഫോളോ ചെയ്തെഴുതുക എന്നുവരും, അവിടെയാണ് ശരിക്കും പെട്ടുപോകുന്നത്. മറ്റ് സാഹചര്യങ്ങളില്‍ നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു ഫ്രീഡം കിട്ടിയാല്‍ മാത്രമേ നല്ല പാട്ടുകള്‍ ചെയ്യാന്‍ പറ്റൂ. പക്ഷെ മറ്റൊരു ഭാഷാചിത്രമാകുമ്പോള് ആ സിനിമയുടെ സാഹചര്യം മലയാളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ പരിമിതികളുണ്ടാകും. എങ്കിലും ഓരോ പാട്ടിലും പുതുമ കൊണ്ടുവരാന്‍ ഞാന്‍ മാക്സിമം ശ്രദ്ധിക്കാറുണ്ട്.
മലയാള സിനിമയിലെ ഏറ്റവും ബ്രില്യന്റ് ആയ ഗാനരചയിതാക്കളിലൊരാളാണ് ഗിരീഷ് പുത്തഞ്ചേരി എന്നത് അനന്തരവൻ എന്ന നിലയിൽ താങ്കൾക്ക് അഭിമാനമാണല്ലോ, ഏതെങ്കിലും വിധത്തിൽ അമ്മാവന്റെ രചനാശൈലി സ്വാധീനിച്ചിട്ടുണ്ടോ?
മാമന്റെ പേര് ഒരേസമയം അഭിമാനവും ഉത്തരവാദിത്വവുമാണ്. മാമന് എഴുതിവെച്ചിട്ടുള്ള പാട്ടുകള്‍ ഒരുകാലത്തും മലയാളികള്‍ മറക്കാനിടയില്ല. സാധാരണ ആളുകളുടെ വികാരങ്ങള്‍ മനസിലാക്കി എഴുതുന്ന ഒരു ശൈലി മാമന്റെ പാട്ടുകള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ രീതി എന്നെ നന്നായി ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കേള്‍ക്കുന്നത് മാമന്റെ പാട്ടുകള്തന്നെയായിരുന്നതിനാല് അദ്ദേഹത്തിന്റെ എഴുത്തിലെ ചില വാക്കുകള്‍, അദ്ദേഹത്തിന്റെ ഭാഷയുടെ സ്വാധീനവുമുണ്ട്. മറ്റുള്ളവരെ കേള്ക്കില്ലെന്നല്ല, മാമനെ കൂടുതല്‍ ഒബ്സേര്‍വ് ചെയ്തിട്ടുണ്ട്. മാമന്റെ പാട്ടുകള്‍ കേട്ട് റിലാക്സ് ചെയ്തിട്ടാണ് ഞാൻ എഴുതാനിരിക്കാറ്. ഏതു വിഭാഗത്തിൽപ്പെട്ട പാട്ടായാലും ട്യൂണാണോ വരികളാണോ ആദ്യമുണ്ടായതെന്ന സംശയമുണ്ടാക്കുന്ന എഴുത്തുരീതിയായിരുന്നു മാമന്റേത്. പല ഗാനങ്ങളിലും അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. നമ്മള് ഒരു പാട്ടെഴുതുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതിന് മുമ്പൊക്കെ, അഞ്ച് മിനിറ്റ് കൊണ്ടൊക്കെ മാമന് പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
മലയാളസിനിമയില്‍ നിരവധി പേരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യക്തിത്വമെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനന്തരവന് എന്ന സ്ഥാനം എനിക്ക് വലിയ ഉത്തരവാദിത്വമാണ്. സത്യത്തില്‍ എഴുതുമ്പോള്‍ എനിക്ക് പേടിയാണ്, ഞാന്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യം മാമന് ഒരു പേരുദോഷം ഉണ്ടാകരുതെന്നാണ്. ഏതുപാട്ടെഴുതുമ്പോഴും ആ ചിന്ത മനസിലുണ്ട്. ചില സമയത്ത് പാട്ടെഴുതാന്‍ ഒരക്ഷരം പോലും വരാത്ത അവസ്ഥയുണ്ടാകാറുണ്ട്, വളരെ ഡൗണായിരിക്കുന്ന സമയമുണ്ടാകാറുണ്ട്, ആ സമയത്തൊക്കെ മാമനെഴുതിയ ദൂരെയൊരു കുരുന്നിളം സൂര്യനായ്… എന്ന പാട്ടിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള കുട്ടികളോട് മാമന് പറഞ്ഞുവെച്ചതായി ഫീല്‍ ചെയ്യാറുണ്ട്.
ലിയോ, ജയിലർ, വിക്രം… വമ്പൻ സിനിമകളുടെ ഭാഗമാകുമ്പോൾ ഉത്തരവാദിത്വം ഏറുന്നു എന്ന തോന്നലുണ്ടോ?
വമ്പന്‍ചിത്രങ്ങള്‍ മാത്രമല്ല എല്ലാ പാട്ടുകള്‍ക്കും ഒരേ ഉത്തരവാദിത്വം തന്നെയാണുള്ളത്. എല്ലാ പാട്ടുകളും നല്ല രീതിയില്‍ ചെയ്യണമെന്നാണ് ഞാന്‍ കരുതാറുള്ളത്. ‘ലിയോ’യും ‘ജയിലറും’ പോലുള്ള വമ്പന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അതിന്റെ സന്തോഷമുണ്ട്. അത് വേറൊരു എക്സ്പീരിയന്‍സ് ആണ്. വേറൊരു ലോകം തന്നെയാണത്. അത്തരം സിനിമകളില്‍നിന്ന് നമുക്ക് കുറേയേറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. അതൊക്കെ ഒരു ഭാഗ്യമായി തോന്നാറുണ്ട്. വിക്രം, ദര്‍ബാര്‍, ജയ്ഭീം… അങ്ങനെ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഏറെ സന്തോഷമുള്ള കാര്യമാണ്, ഒപ്പം ഉത്തരവാദിത്വവും കൂടും. കാരണം ഇത്തരം ചിത്രങ്ങളിലെ ഗാനങ്ങള്‍ ആളുകള്‍ ഏറ്റെടുത്തവയാണ്. അപ്പോള്‍ മൊഴിമാറ്റങ്ങളിലുണ്ടാകുന്ന പാകപ്പിഴകള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കും.
പലപ്പോഴും ഡബ്ബിങ് ഗാനങ്ങള്‍ പുറത്തിറങ്ങി വൈകാതെ തന്നെ ട്രോളുകളും വന്ന് കാണാറുണ്ട്, ട്രോളാന്‍ വേണ്ടി കാത്തുനിന്നതാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ അത്തരം സാഹചര്യങ്ങളെ തരണം ചെയ്ത് മുന്നോട്ടുപോകുന്നത് ഏറെ ശ്രദ്ധ വേണ്ട കാര്യമാണ്. ഡബ്ബിങ് ആയാലും ഒറിജിനല്‍ ആയാലും പാട്ടെഴുത്തില്‍ ഒരേ ഉത്തരവാദിത്വമാണുള്ളതെന്നാണ് ഞാന്‍ കരുതുന്നത്. ഒറിജിനലില്നിന്ന് തികച്ചും വ്യത്യസ്തമായ, അതേസമയം ആ പാട്ടിന്റെ അന്തഃസത്ത നിലനിര്‍ത്തിക്കൊണ്ടുള്ള ഔട്ട്പുട്ട് കിട്ടുമെന്നുള്ള വിശ്വാസത്തിലാണ് നമ്മളെ അവര്‍ ആ വര്‍ക്ക് ഏല്പിക്കുന്നത്. അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ മാക്സിമം ശ്രമിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൊഴിമാറ്റ ഗാനങ്ങൾ മാറ്റി നിർത്തിയാൽ മറ്റ് രചനകൾ? പാട്ടെഴുത്തുകാരനിൽ നിന്ന് തിരക്കഥാകൃത്തിലേക്കും സംവിധായകനിലേക്കുമുള്ള ചുവടുവെപ്പ്, കുടുംബം?
മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ പ്രൊമോ സോങ്ങായി ഒരു പാട്ടെഴുതി. നാന്‍സി റാണി എന്ന പടത്തില്‍ മമ്മൂക്കയെപ്പറ്റിയൊരു പാട്ടെഴുതിയിരുന്നു. മലയാളത്തില്‍ എനിക്ക് ശ്രദ്ധ ലഭിച്ച പാട്ടുകളാണിവ. മലയാളത്തില്‍ ഇപ്പോള്‍ കുറച്ചുവര്ക്കുകള് വന്നിട്ടുണ്ട്. പക്ഷെ ആ സിനിമകളുടെ കൂടുതല്‍ അപ്ഡേഷന്‍സ് വരുന്നതേയുള്ളൂ. അതുകഴിഞ്ഞാല്‍ മാത്രമേ എനിക്ക് കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ. എങ്കിലും സന്തോഷമുണ്ട്, ഡബ്ബിങ്ങിലായാലും എനിക്ക് കുറേ നല്ല വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റി. ജയ് ഭീം, പെന്ഗ്വിന് തുടങ്ങിയ നല്ല വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റി. ‘ജയ്ഭീമി’ല്‍ മൂന്ന് പാട്ടുകളാണ് ചെയ്തത്, ‘പെന്‍ഗ്വിനി’ല്‍ രണ്ടും… ‘പെന്‍ഗ്വിനി’ലെ പാട്ടുകള്‍ സംഭവിച്ചുപോയതാണ്. സന്തോഷ് നാരായണ്‍ സാറായിരുന്നു മ്യൂസിക്. ഞാനെഴുതിയ പാട്ടുകളില്‍ മനസിനോടടുത്തുനില്ക്കുന്നവയില് ഒന്നാണ് ‘പെന്‍ഗ്വിനി’ലെ അമ്മ സോങ്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ അറിഞ്ഞുതുടങ്ങിയെന്നത് ഏറെ സന്തോഷം തരുന്നു.
കോവിഡ് കാലത്താണ് ആദ്യത്തെ സ്ക്രിപ്റ്റ് എഴുതുന്നത്. അത് ഞാന്‍ തന്നെ സംവിധാനം ചെയ്യാമെന്നുള്ള പദ്ധതിയുമുണ്ട്. സിനിമയ്ക്കായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. സ്വപ്നസാക്ഷാത്കാരത്തിനായുള്ള പരിശ്രമങ്ങള്‍ നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ പറയാനായിട്ടില്ല.
കോഴിക്കോട് ബാലുശ്ശേരിയിലാണ് വീട്. ചെന്നൈയിലായിരുന്നു കുറേക്കാലം. അച്ഛന്, അമ്മ, ചേട്ടന് എന്നിവരാണ് കുടുംബത്തില്‍. അച്ഛന് രാമകൃഷ്ണന്റെ പേരില്‍നിന്നാണ് റാം എന്ന് കൂട്ടിച്ചേര്‍ത്തത്. അമ്മ ജലജയാണ് എന്റെ ആദ്യ സംഗീതഗുരു. അമ്മയും മാമനും തമ്മില്‍ രണ്ട് വയസിന്റെ വ്യത്യാസമേയുള്ളൂ. അവര്‍ നല്ല കൂട്ടായിരുന്നു. ചേട്ടന് വൈശാഖ് കീബോര്‍ഡ് ടീച്ചറാണ്. ചേളാരിയിലെ സ്കൂളില്‍ സംസ്കൃതാധ്യാപകനായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നെ പഠിപ്പിച്ചതൊക്ക മൂത്തമാമനാണ്- മോഹന്‍ദാസും ഭാര്യ ശൈല മാമിയും. അമ്മയുടെ കുടംബത്തില്‍ അധികവും സംഗീതജ്ഞരാണ്. അതും എന്നെ സ്വാധീനിച്ചിട്ടുണ്ട്.