ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ടീം ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രാഹുലിനെ അനുനയിപ്പിക്കാൻ ബിസിസിഐ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ ദ്രാവിഡ് ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായേക്കുമെന്നുള്ള വിവരമാണ് പുറത്തുവരുന്നത്.
ദ്രാവിഡ് മുഖ്യ പരിശീലകനായി തുടരണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം. എന്നാൽ ടീമിന്റെ തിരക്കേറിയ ഷെഡ്യൂളും നിരന്തര യാത്രകളിൽ നിന്നും മാറി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ദ്രാവിഡിൻ്റെ തീരുമാനം. ദ്രാവിഡിന്റെ തീരുമാനം അറിയാൻ ബിസിസിഐ ഒരു കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദ്രാവിഡും ബിസിസിഐയും തമ്മിലുള്ള ചർച്ചകളെ ആശ്രയിച്ചിരിക്കും രാഹുലിൻ്റെ ഐപിഎൽ പ്രവേശനം. ലഖ്നൗ സൂപ്പർ ജയന്റ്സുമായി ദ്രാവിഡ് ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ, ഐപിഎൽ 2024-ന് മുമ്പ് ദ്രാവിഡ് എൽഎസ്ജിയുടെ ഉപദേശകനാകും. ഐപിഎൽ രണ്ട് മാസമേ നീണ്ടുനിൽക്കൂ. ഇത് ദ്രാവിഡിന് കുടുംബത്തോടൊപ്പമുണ്ടാകാൻ മതിയായ സമയം അനുവദിക്കുകയും പരിശീലകനെന്ന നിലയിൽ ഗെയിമുമായി ബന്ധം നിലനിർത്താൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ടി20 ലോകകപ്പിന് ശേഷം രണ്ട് വർഷത്തെ കരാറിലാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകുന്നത്. രവി ശാസ്ത്രിയുടെ കാലാവധി പൂർത്തിയായ ശേഷം ദ്രാവിഡിനെ ഈ റോൾ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതിൽ അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും നിലവിലെ സെക്രട്ടറി ജയ് ഷായും നിർണായക പങ്ക് വഹിച്ചിരുന്നു. ഏകദിന ലോകകപ്പ് സമാപനത്തോടെ ദ്രാവിഡിന്റെ കാലാവധി ഔദ്യോഗികമായി അവസാനിച്ചു. ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ ഒരു ഐസിസി ട്രോഫി നേടിയില്ലെങ്കിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തുള്ള ടീമാണ് ഇന്ത്യ.
Story Highlights: Rahul Dravid likely to replace Gautam Gambhir as LSG mentor
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]