കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളാണുള്ളത്. കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോർ ട്ടിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികള്‍. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവൻ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
മകൻ അഖില്‍ജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. 42 ലക്ഷം രൂപയുടെ ബെൻസ് കാര്‍ വാങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങള്‍ നിക്ഷേപിച്ചു. മാളവിക എന്റര്‍പ്രൈസ് എന്ന പേരില്‍ പിതാവും, ഭാര്യ പിതാവും പങ്കാളുകളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളില്‍ നിന്നും സഹോദരിയില്‍ നിന്നും വാങ്ങിയതാണെന്നും അഖില്‍ജിത്ത് മൊഴി നല്കി.
ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതികളെ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയത്. സുഖമില്ലാത്ത ആളാണെന്നും ചികിത്സ ആവശ്യമാണെന്നും ഭാസുരാംഗൻ കോടതിയെ അറിയിച്ചു. എന്നാല്‍ ഭാസുരാംഗൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാൻഡ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. തുടര്‍ന്ന് രണ്ട് പ്രതികളേയും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
പത്തു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഇഡി എൻ.ഭാസുരാംഗനെയും, മകൻ അഖില്‍ജിത്തിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഇന്നു വരെ ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായിരുന്നു ഭാസുരാംഗൻ. ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ എൻ.ഭാസുരാംഗൻ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്ന് ബാങ്ക് ഭാരവാഹികള്‍ അറിയിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.
ഇതിന്റെ പലിശയടക്കം ഭാസുരാംഗൻ ബാങ്കില്‍ അടച്ചു തീര്‍ക്കാനുണ്ട്. ഇതില്‍ 1.87 കോടി രൂപയുടെ വായ്പയുടെ കാര്യം ഭാസുരാംഗൻ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സഹകരണ രജിസ്റ്റ്രാറുടെ അന്വേഷണത്തില്‍ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചതായാണു കണ്ടെത്തിയതെങ്കിലും ഇ.ഡിയുടെ അന്വേഷണത്തില്‍ തട്ടിപ്പ് 200 കോടി രൂപ കവിയും.
കണ്ടല ബാങ്കിലേക്കു നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാനം ചെയ്ത പലിശ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയതായി തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി ലഭിച്ച പരാതികളാണു ഭാസുരാംഗനെതിരായ അന്വേഷണത്തിന്റെ തുടക്കം. പൊലീസ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ സഹകരണ ജോയിന്റ് രജിസ്റ്റ്രാറും അന്വേഷണം നടത്തി ഭാസുരാംഗനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വലിയ തോതിലുള്ള ക്രമക്കേട് നടത്തി ഭാസുരാംഗൻ പണം തട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തു ഭാസുരാംഗനെയും മകൻ ജെ.ബി.അഖില്‍ജിത്തിനെയും അറസ്റ്റ് ചെയ്തത്. പിഎംഎല്‍എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകള്‍ ഇല്ലാതെയാണു ഇവരെ അറസ്റ്റ് ചെയ്തതെന്നു പ്രതിഭാഗം അഭിഭാഷകൻ പി.ടി.ജോസ് പറഞ്ഞു. എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന ബെനാമി വായ്പ ക്രമക്കേടിനു സമാനമായ കുറ്റകൃത്യങ്ങള്‍ കണ്ടലയിലും നടന്നിട്ടുണ്ടെന്നാണു പ്രോസിക്യൂഷൻ വാദം.
8 വര്‍ഷത്തിനിടയില്‍ ഭാസുരാംഗന്റെ കുടുംബാംഗങ്ങള്‍ ബാങ്കില്‍ നിന്നു വായ്പ, ചിട്ടി എന്നിങ്ങനെ അനധികൃതമായി 3.20 കോടി രൂപ നേടിയെടുത്തുവെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈടായി നല്‍കിയത് 11 സെന്റ് ഭൂമിയാണ്. ഇതില്‍ പലിശ ഉള്‍പ്പെടെ തിരിച്ചടച്ചത് ഒരു കോടിയോളം മാത്രം.
അനധികൃതമായി നേടിയ വായ്പത്തുക ഉപയോഗിച്ചാണ് മകന്റെ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാറനല്ലൂരില്‍ ‘എന്റെ കട’ ആണ് ഭാസുരാംഗന്റെ മകൻ അഖില്‍ജിത്ത് ആദ്യം ആരംഭിച്ചത്. ഇതു തകര്‍ന്നതോടെ അവിടെ ബിആര്‍എം എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു.
കോവിഡിന്റെ തുടക്കത്തില്‍ ഈ സംരംഭവും നഷ്ടത്തിലായി. തുടര്‍ന്ന് പൂജപ്പുരയില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചു. സംരംഭങ്ങള്‍ നഷ്ടത്തിലായെങ്കിലും അഖില്‍ജിത്ത് ആഡംബര ജീവിതത്തിനു കുറവു വരുത്തിയില്ല. കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍, സ്പോര്‍ട്സ് ബൈക്കുകള്‍ തുടങ്ങിയവയെല്ലാം സ്വന്തമാക്കി. ഇവയുടെ രേഖകള്‍ ഇ.ഡി പരിശോധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]