
സിനിമകളുടെ ജയപരാജയങ്ങള്‍ എല്ലായ്പ്പോഴും പ്രവചനാതീതമാണ്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചില ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളും യാതൊരു പ്രതീക്ഷയും നല്‍കാതെയെത്തുന്ന ചില ചിത്രങ്ങള്‍ വലിയ വിജയങ്ങളുമാവുന്നത് സിനിമാലോകത്ത് സാധാരണമാണ്. ഇപ്പോഴിതാ ഈ വര്‍ഷം ഇതുവരെയുള്ള ബോളിവുഡ് റിലീസുകളില്‍ നിര്‍മ്മാതാവിന് ഏറ്റവും ലാഭമുണ്ടാക്കിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. എന്റര്ടെയ്ന്മെന്റ് മാധ്യമമായ കൊയ്മൊയ് ആണ് ലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ബോളിവുഡിന്റെ തിരിച്ചുവരവ് ചിത്രമായി വിലയിരുത്തപ്പെട്ട ഷാരൂഖ് ഖാന്റെ പഠാനോ അദ്ദേഹത്തിന്റെ തന്നെ ജവാനോ സണ്ണി ഡിയോളിന്റെ ഗദര്‍ 2 എന്ന ചിത്രമോ ഒന്നുമല്ല ലാഭശതമാനം നോക്കിയാല്‍ ഒന്നാമത് നില്‍ക്കുന്നത് എന്നതാണ് കൗതുകകരം. വാര്‍ത്തയും വിവാദവുമൊക്കെ സൃഷ്ടിച്ച ദി കേരള സ്റ്റോറിയാണ് ഈ വര്‍ഷം നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്ത ബോളിവുഡ് ചിത്രം. ഇന്ത്യയിലെ കളക്ഷന്‍ അനുസരിച്ചാണ് ഇത്.
ലിസ്റ്റില്‍ ആറാം സ്ഥാനത്ത് ഫുക്രി ആണ്. 45 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ ആകെ കളക്ഷന്‍ 95.54 കോടി ആയിരുന്നു. ലാഭം 50.54 കോടി. ശതമാനം നോക്കിയാല്‍ 112.31 ശതമാനം. അഞ്ചാം സ്ഥാനത്തുള്ള ജവാന്റെ ബജറ്റ് 300 കോടിയും ഇന്ത്യന്‍ കളക്ഷന്‍ 640 കോടിയും. ലാഭം 340.42 കോടി (113.47 ശതമാനം). നാലാമത് 250 കോടി ബജറ്റും 543.22 കോടി ഇന്ത്യന്‍ കളക്ഷനും നേടിയ പഠാന് ആണ്. ലാഭം 293.22 കോടി (ലാഭശതമാനം 117.28). മൂന്നാം സ്ഥാനത്ത് ഒഎംജി 2 ആണ്. 65 കോടി ബജറ്റില്‍ എത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 150 കോടി. ലാഭം 85 കോടി (ലാഭ ശതമാനം 130.76). രണ്ടാം സ്ഥാനത്ത് ഗദര്‍ 2 ആണ്. 75 കോടി ബജറ്റും 525.50 കോടി കളക്ഷനും. ലാഭം 450.50 കോടി (600.66 ശതമാനം). ഒന്നാമതുള്ള കേരള സ്റ്റോറിയുടെ ബജറ്റ് 30 കോടിയും കളക്ഷന്‍ 238.27 കോടിയും ആയിരുന്നു. ലാഭം 208.27 കോടി. ലാഭശതമാനം 694.23.
Last Updated Nov 16, 2023, 8:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]