
കോഴിക്കോട്: നവമാധ്യമങ്ങൾ ബാബുരാജിനെ കൊണ്ടാടുമ്പോൾ, ചാനൽ ഷോകളിൽ അദ്ദേഹത്തിന്റെ ഹിറ്റുകൾപാടി കുട്ടികൾ ഫ്ളാറ്റും വലിയസമ്മാനങ്ങളും നേടുമ്പോൾ, വീട്ടുവാടക നൽകാൻ പ്രയാസപ്പെടുകയാണ് ബാബുരാജിന്റെ മകൻ എം.എസ്. ജബ്ബാർ.
‘‘ബാബുരാജിന്റെ സംഗീതത്തെ എല്ലാവരും വിൽക്കുമ്പോൾ ഞങ്ങൾ നോക്കിനിൽക്കുകയാണ്. ജീവിക്കാനുള്ള പെടാപ്പാടിൽ ഉപ്പയുടെ പ്രശസ്തി എന്നെ തുണച്ചില്ല. എം.എസ്. ബാബുരാജിന് സംഗീതം ഒരിക്കലും പണമുണ്ടാക്കാനുള്ള മാർഗമായിരുന്നില്ല…’’ -ജബ്ബാർ പറയുന്നു.
മിഠായിത്തെരുവിൽനിന്ന് മൊയ്തീൻപള്ളി റോഡിലേക്ക് കടക്കുന്നിടത്ത് ചെറിയൊരു ഡ്യൂട്ടിഫ്രീ ഷോപ്പുണ്ട്. അവിടെയാണ് ബാബുരാജിന്റെ മൂത്തമകൻ ജബ്ബാറിന് ഇപ്പോൾ ജോലി. കോഴിക്കോട്ടെ കൊച്ചുകൊച്ചു കടകളിൽ ജോലിചെയ്ത് ജീവിതം പുലർത്തുന്ന ജബ്ബാർ എം.എസ്. ബാബുരാജിന്റെ പേരുപറഞ്ഞ് ആരോടും സഹായമഭ്യർഥിക്കാറില്ല. ‘‘പരിചയപ്പെടുമ്പോൾ ബാബുരാജിന്റെ മകനോ എന്ന് അതിശയംകൂറുന്നവരും സഹതാപാർദ്രമായ കണ്ണുകളോടെ നോക്കുന്നവരുമാണ് അധികവും.’’ -അദ്ദേഹം പറയുന്നു.
1957-ൽ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സാബിർബാബുവാണ് പിന്നീട് എം.എസ്. ബാബുരാജായി, വശ്യമായ ഈണങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചത്. 120 സിനിമകൾക്ക് അദ്ദേഹം സംഗീതമൊരുക്കി. 1978-ൽ 49-ാം വയസ്സിൽ സ്ട്രോക്ക് വന്ന് ബാബുരാജ് മരിക്കുമ്പോൾ ജബ്ബാറിന് 14 വയസ്സാണ്. കുഞ്ഞുനാളുകളിൽത്തന്നെ സംഗീതപരിപാടികളിൽ കൂടെ ഹാർമോണിയം വായിച്ചിട്ടുള്ള ജബ്ബാറിനെ മദിരാശിയിൽ കൊണ്ടുപോയി പഠിപ്പിക്കണമെന്ന് ബാബുരാജ് ആഗ്രഹിച്ചിരുന്നു. പക്ഷേ, പെട്ടെന്നുള്ള ആ വിയോഗം ജീവിതം മാറ്റിമറിച്ചു. ആറു പെൺകുട്ടികളടക്കം ഒമ്പതു മക്കളുള്ള കുടുംബത്തെ ഒരു വഴിക്കെത്തിക്കാൻ ഉമ്മയോടൊപ്പം മൂത്തമകനായ ജബ്ബാറും കഷ്ടപ്പെട്ടു. യേശുദാസിന്റെ സഹായവും ദേവരാജൻമാസ്റ്റർ സ്ഥിരംനിക്ഷേപമായി നൽകിയ തുകയുമാണ് ആശ്രയമറ്റ നാളുകളിൽ കുടുംബത്തിന് തുണയായത്. ‘‘ഉമ്മ ബിച്ച ബാബുരാജും പരാധീനതകൾ ബാക്കിയാക്കി ഞങ്ങളെ വിട്ടുപോയി’’- ജബ്ബാർ പറയുന്നു.
മദിരാശിയിലെ എ.വി.എം. സ്റ്റുഡിയോയിൽവെച്ച് എം.ജി. ആറിനെ ഉപ്പ പരിചയപ്പെടുത്തിയത് ജബ്ബാറിന് ഓർമയുണ്ട്. കോഴിക്കോട്ടുനിന്നൊരു ഹാർമോണിയം വാങ്ങാനെത്തിയ ആർ.കെ. ശേഖർ കല്ലായിയിലെ വീട്ടിൽവന്ന് ഉപ്പയോടൊപ്പം സംസാരിച്ചിരിക്കുന്ന ചിത്രവും മനസ്സിലുണ്ട്. മദ്രാസിലെ തുടക്കകാലത്ത് ബാബുരാജിനൊപ്പം ഗിറ്റാർ വായിച്ച നിമിഷങ്ങൾ പങ്കിട്ട്, ചെന്നൈയിൽവെച്ച് ഇളയരാജ കെട്ടിപ്പിടിച്ചതും ജബ്ബാറിന് മറക്കാനാവില്ല.
ഷാരൂഖ് ഖാനെയും ജൂഹിചൗളയെയും അതിഥികളായി കോഴിക്കോട്ടെത്തിച്ച് ‘മാക്ട’ ബാബുരാജിന്റെ പേരിൽ വിപുലമായ ഒരു സംഗീതസംഗമം സംഘടിപ്പിച്ചിരുന്നു. പക്ഷേ, വിടപറഞ്ഞ് 45 വർഷം പിന്നിട്ടിട്ടും ആരാധകരേറെയുള്ള ബാബുരാജിന്റെ പേരിൽ സ്വന്തമായൊരു സംഗീത അക്കാദമി കോഴിക്കോട്ട് യാഥാർഥ്യമായില്ല. പേരിനുമാത്രം ഒരു അക്കാദമി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. എം.ടി.യും ഹരിഹരനും അതുയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു.
സന്ധ്യക്ക് കോട്ടപ്പറമ്പ് കലാസമിതിയുടെ തട്ടിൻപുറത്ത് ബാബുരാജിന്റെ ആരാധകരോടൊപ്പം പഴയ ഹാർമോണിയവുമായി ഒട്ടുമിക്ക ദിവസങ്ങളിലും ജബ്ബാറുണ്ടാവും. ‘പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു…’ എന്ന ബാബുരാജ് സംഗീതം പകർന്ന ‘ഭാർഗവീനിലയ’ത്തിലെ പാട്ട് ജബ്ബാർ തന്നെ പാടും.
“പൊട്ടിത്തകർന്ന
കിനാവുകൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ…’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]