
ദേഹത്ത് എവിടെയെങ്കിലും ചതവോ മുറിവോ സംഭവിച്ചാല്‍ സ്വാഭാവികമായും അവിടെ പാടുണ്ടാകും. ചര്‍മ്മത്തിന് താഴെ തീരെ നേര്‍ത്ത രക്തക്കുഴലുകള്‍ തകരുമ്പോഴാണ് ഇതുപോലെ പരുക്കോ ചതവോ സംഭവിക്കുമ്പോള്‍ നിറംമാറ്റം വരുന്നതും പൊട്ടലുണ്ടാകുന്നതും. ചതവാണെങ്കില്‍ കടുംനിറത്തില്‍ ആണ് സാധാരണഗതിയില്‍ പാടുണ്ടാവുക.സാമാന്യം വേദനയും ഇവിടെ അനുഭവപ്പെടും. മുറിവോ പൊട്ടലോ ആണെങ്കിലും പ്രയാസം തന്നെ.
എന്നാല്‍ ചിലരില്‍ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെ ശരീരത്തില്‍ പരുക്കോ പൊട്ടലോ പാടോ എല്ലാം വരാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇത് സാധാരണമല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്.
ചെറുതായി എവിടെയെങ്കിലും തട്ടിയാല്‍ തന്നെ ദേഹത്ത് കാര്യമായി നിറംമാറ്റമോ പാടോ വരുന്നത് അധികവും ഒരു വൈറ്റമിന്റെ കുറവ് കൊണ്ടാകാം. എന്നാലിത് പലരും തിരിച്ചറിയണമെന്നില്ല. നമുക്കെന്തെങ്കിലും പരുക്ക് സംഭവിച്ചാല്‍ രക്തം വരാമല്ലോ. എന്നാലിത് പെട്ടെന്ന് കട്ട കൂടിയാലേ പരുക്ക് വലിയ രീതിയിലേക്ക് എത്താതിരിക്കൂ.
ഇത്തരത്തില്‍ രക്തം കട്ട പിടിക്കാൻ സഹായിക്കുന്നൊരു ഘടകമാണ് വൈറ്റമിൻ കെ. ഈ വൈറ്റമിനില്‍ കുറവുണ്ടായാല്‍ സ്വാഭാവികമായും രക്തം കട്ട പിടിക്കുന്നതും മന്ദഗതിയിലാകും. ഇതോടെയാണ് പലരിലും പെട്ടെന്ന് ചതവോ മുറിവോ സംഭവിക്കുകയും പരുക്കുകളും പാടുകളുമുണ്ടാവുകയും ചെയ്യുന്നത്.
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകള്‍ 13 എണ്ണവും ഉണ്ടാക്കാൻ സഹായിക്കുന്നത് വൈറ്റമിൻ കെ ആണ്. പരുക്കുകളില്‍ നിന്ന് നിലയ്ക്കാതെ രക്തമൊഴുകുന്നത് തടയുന്നതിന് വൈറ്റമിൻ കെ എത്രമാത്രം സഹായകമാണെന്ന് ഇതോടെ മനസിലാക്കാമല്ലോ.
അതേസമയം വൈറ്റമിൻ കെ കുറഞ്ഞാല്‍ അത് നമുക്ക് പെട്ടെന്ന് സ്വയം തിരിച്ചറിയാൻ സാധിക്കില്ലെന്നതാണ് വലിയൊരു പ്രശ്നം. പെട്ടെന്ന് പരുക്കുകള്‍ പറ്റുക, ചെറിയ മുറിവുകളില്‍ നിന്ന് പോലും രക്തസ്രാവം കൂടുതലുണ്ടാവുക, മുറിവുണങ്ങാൻ സമയമെടുക്കുക, സ്ത്രീകളിലാണെങ്കില്‍ ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം കാണുന്നപക്ഷം വൈറ്റമിൻ കെ കുറവാകാം അത് സൂചിപ്പിക്കുന്നത്. ഇത് ആശുപത്രിയിലെത്തി ഡോക്ടറുടെ സഹായത്താല്‍ കണ്ടെത്താവുന്നതാണ്.
എല്ലുകളുടെ ആരോഗ്യം ക്ഷയിച്ചുവരിക- എല്ലിന് പൊട്ടല്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിക്കുക എന്നീ പ്രശ്നങ്ങളും വൈറ്റമിൻ കെ കുറവിനാല്‍ സംഭവിക്കാം. ചീര, ബ്രൊക്കോളി, സോയാബീൻ തുടങ്ങി വൈറ്റമിൻ കെ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയാണ് വൈറ്റമിൻ കെ കുറവ് പരിഹരിക്കാനാവുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]