

First Published Nov 8, 2023, 9:15 PM IST
ഇന്ന് മിക്ക വീടുകളിലും ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുന്നതാണ്. ഗ്യാസോ മൈക്രോവേവ് ഓവനോ ഉണ്ടെങ്കില്‍ പോലും വൈദ്യുതിയിലുപയോഗിക്കുന്ന ഇൻഡക്ഷൻ സ്റ്റൗ ധാരാളം പേര് ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇൻഡക്ഷൻ സ്റ്റൗ ക്ലീനിംഗ് അഥവാ വൃത്തിയാക്കലുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് ഏവര്‍ക്കും സഹായകമാണ്.
ഇൻഡക്ഷൻ സ്റ്റൗവില്‍ അതിന് യോജിക്കുംവിധത്തിലുള്ള പാത്രങ്ങളുണ്ടെങ്കില്‍ ഏത് വിഭവങ്ങളും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. ചിലരാകട്ടെ അടുക്കളയിലെ മുഴുവൻ പാചകവും ഇൻഡക്ഷൻ സ്റ്റൗവില്‍ തന്നെ കഴിക്കാറുണ്ട്. ഇത്തരത്തില്‍ കാര്യമായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അതുപോലെ അത് വൃത്തിയാക്കുകയും വേണ്ടിവരാം. ആദ്യം വൃത്തിയാക്കാൻ സഹായകമായിട്ടുള്ള ചില ടിപ്സ് തന്നെ പങ്കുവയ്ക്കാം.
എങ്ങനെ വൃത്തിയാക്കാം?
വിനാഗിരി, ബേക്കിംഗ് സോഡ, സോപ്പ് ലായനി എല്ലാം ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കാനായി ഉപയോഗിക്കാവുന്നതാണ്. ആദ്യം സ്റ്റൗ ഉണങ്ങിയ തുണി കൊണ്ട് തുടക്കുകയാണ് വേണ്ടത്. ഇതിന് ശേഷം വിനാഗിരിയും വെള്ളവും തുല്യമായി അടുത്ത് അതില്‍ തുണി മുക്കി സ്റ്റൗ തുടച്ച് വൃത്തിയാക്കാം.
ബേക്കിംഗ് സോഡയാണെങ്കില് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി മാര്‍ദ്ദവമുള്ളൊരു തുണിയിലാക്കി സ്റ്റൗവിന്റെ മുകള്ഭാഗം തുടക്കുകയാണ് വേണ്ടത്. കറയും മറ്റ് പാടുകളും നീക്കാൻ വിനാഗിരി- ബേക്കിംഗ് സോഡ ക്ലീനിംഗ് ഏറെ സഹായിക്കും.
സോപ്പ് ലായനിയിലും തുണി മുക്കി സ്റ്റൗ തുടക്കാവുന്നതാണ്. ഇതിന് പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പോ ലിക്വിഡോ എല്ലാം ഉപയോഗിക്കാം. കറ നീങ്ങാൻ എന്തായാലും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് തേച്ചുവച്ച് 15 മിനുറ്റ് കഴിഞ്ഞ് തുടച്ചെടുത്താല്‍ മതിയാകും.
വൃത്തിയാക്കും മുമ്പ് ശ്രദ്ധിക്കേണ്ടത്…
ഇൻഡക്ഷൻ സ്റ്റൗ നമുക്കറിയാം, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ്. അതിനാല്‍ തന്നെ ഇതില്‍ വര്‍ക്ക് ചെയ്യുമ്പോഴും വൃത്തിയാക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
സ്റ്റൗ വൃത്തിയാക്കും മുമ്പ് പ്ലഗില്‍ നിന്ന് ബന്ധം വിഛേദിച്ചിരിക്കണം. സ്വിച്ച് ഓഫ് ചെയ്താല്‍ മാത്രം പോര. പലരും ഇത് മാത്രമായിരിക്കും ചെയ്യുക. വൃത്തിയാക്കിയ ശേഷമാകട്ടെ സ്റ്റൗവില്‍ നിന്നും പരിസരത്ത് നിന്നും വെള്ളത്തിന്റെ നനവ് പൂര്‍ണമായി ഉണങ്ങിയ ശേഷമേ പ്ലഗ് തിരിച്ച് കുത്തി സ്റ്റൗ വര്‍ക്ക് ചെയ്യിപ്പിച്ച് തുടങ്ങാകൂ. അല്ലാത്തപക്ഷവും അപകടസാധ്യത നിലനില്‍ക്കുകയാണ്.
വൃത്തിയാക്കുമ്പോഴാകട്ടെ അധികം വെള്ളം ഉപയോഗിക്കരുത്. സ്റ്റൗവിന്റെ താഴ്ഭാഗത്തുകൂടി അകത്തേക്ക് വെള്ളം കയറിപ്പറ്റുന്നതും മറ്റും നല്ലതല്ല.
ബേക്കിംഗ് സോഡയും വിനാഗിരിയുമെല്ലാം പ്രയോഗിക്കും മുമ്പ് പ്രതലം ഉണങ്ങിയ തുണി കൊണ്ട് തുടക്കണം എന്നതും നിര്‍ബന്ധമാണ്. വൈദ്യുതി ഉപകരണങ്ങളെല്ലാം തന്നെ വൃത്തിയാക്കുമ്പോള്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ഉപകരണം കേടാകാനും അതുപോലെ തന്നെ നമുക്ക് അപകടം സംഭവിക്കാനും സാധ്യതകളേറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Nov 8, 2023, 9:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]