
സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഒരു ഗോൾഡൻ റിട്രീവർ. ഉടമയുടെ അഭാവത്തിൽ വീട്ടിലെത്തിയ പാഴ്സൽ കൃത്യമായി വാങ്ങിവച്ചതോടെയാണ് ഈ നായ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയത്. ഫിലിപ്പീൻസ് നിവാസിയായ മെഗ് ഗാബെ സ്റ്റിന്റേതാണ് ഈ നായ. തൻറെ പ്രിയപ്പെട്ട നായയുടെ ബുദ്ധി സാമർത്ഥ്യത്തെ കുറിച്ച് മെഗ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചതോടെയാണ് ഈ ഗോൾഡൻ റിട്രീവർ ഒരു ഗോൾഡൻ റിസീവർ ആയി മാറിയ കഥ ലോകമെമ്പാടും അറിഞ്ഞത്.
ഗോൾഡൻ റിട്രീവറിൽ നിന്ന് ഗോൾഡൻ റിസീവറിലേക്ക് എന്ന ക്യാപ്ഷനോടെയാണ് മെഗ് തന്റെ പ്രിയപ്പെട്ട നായക്കുട്ടി മാർവിയെ കുറിച്ച് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഒരു ഓൺലൈൻ ഡെലിവറി ഏജന്റിന്റെ കയ്യിൽ നിന്നും മാര്വി പാഴ്സൽ വാങ്ങിക്കുന്നതിന്റെ ചിത്രവും ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാഴ്സലുമായി ഡെലിവറി ഏജന്റ് എത്തിയപ്പോൾ താൻ ജോലിസ്ഥലത്ത് ആയിരുന്നു എന്നും തന്റെ പാർട്ണറും വീടിൻറെ മുകളിലത്തെ നിലയിൽ ജോലിയുടെ തിരക്കുകളിൽ ആയിരുന്നുവെന്നും മെഗ് പറയുന്നു.
ഈ സമയത്ത് മറ്റാരെയും കാണാതെ വന്നതിനാൽ ഡെലിവറി ഏജൻറ് പാഴ്സൽ മാർവിയെ ഏൽപ്പിച്ചു. സാധാരണയായി അല്പം കുരുത്തക്കേടുകൾ ഒക്കെ കാണിക്കുന്ന സ്വഭാവക്കാരൻ ആണെങ്കിലും തൻറെ പാഴ്സൽ വാങ്ങിയതിനു ശേഷം അത് നശിപ്പിക്കാതെ സുരക്ഷിതമായി ഒരിടത്ത് വെച്ചു എന്നും മെഗ് പോസ്റ്റിൽ സൂചിപ്പിച്ചു. ഏതായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആരാധകരാണ് ഇപ്പോൾ മാർവിക്ക് ഉള്ളത്.
ബോർഡർ കോളി, പൂഡിൽ, ജർമ്മൻ ഷെപ്പേർഡ് എന്നിവയ്ക്ക് തൊട്ടു പിന്നിലായി ബുദ്ധി സാമർത്ഥ്യത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ് ഗോൾഡൻ റിട്രീവർ. ഇവയ്ക്ക് 2 അല്ലെങ്കിൽ 2.5 വയസ്സുള്ള കുട്ടിക്ക് സമാനമായ വൈജ്ഞാനിക കഴിവുകളുണ്ട്, 165 -ലധികം വാക്കുകൾ പഠിക്കാനും മനുഷ്യവികാരങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും ഇവയ്ക്ക് സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 8, 2023, 1:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]