
ബംഗളൂരു: ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി മരിച്ചു. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് യുവാവും യുവതിയും തീ കൊളുത്തി മരിച്ചത്. മരിച്ചത് ഇടുക്കി സ്വദേശി അബിൽ അബ്രഹാം (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസ് (20) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍ അബിലും സൗമിനിയും ഒന്നിച്ച് താമസിച്ചുവരുകയായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. സൗമിനി ദാസ് വിവാഹിതയായിരുന്നു. ഇവരുടെ ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതിനെതുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കരിമമ്മ അഗ്രഹാരയ്ക്ക് അടുത്ത് ഒരു സ്വകാര്യ കോളേജിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനി ആയിരുന്നു സൗമിനി. അബിൽ ഒരു നഴ്സിങ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍ ഇരുവരും പരസ്പരം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തീകൊളുത്തിയശേഷം ഇരുവരുടെയും നിലവിളി കേട്ട് ഇവരുടെ ഫ്ലാറ്റിലെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും തീ അണക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലിനെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം കണ്ടെത്താന്‍ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇരുവരുടെയും മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Last Updated Nov 7, 2023, 2:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]