തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന കെ എസ് യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്നും ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ എന്നും സതീശൻ ചോദിച്ചു. പെൺകുട്ടിയെ തല്ലിയ പൊലീസുകാരനെതിരെ നടപടിവേണമെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖത്തടിയേറ്റ പെൺകുട്ടിക്ക് സർജറി വേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.എസ്.യു നേതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പൊലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തത്? ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും അത് കണ്ടതാണ്. വനിതാ പൊലീസുമായി സംസാരിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പൊലീസുകാരന് മനപൂര്‍വമായാണ് ലാത്തി കൊണ്ട് അടിച്ചത്. ഇത്രയും ക്രൂരമായി ഒരു വിദ്യാര്‍ത്ഥി സമരത്തെയും കേരളത്തിലെ പൊലീസ് നേരിട്ടിട്ടില്ല. പെണ്‍കുട്ടിയുടെ മുഖത്ത് ഒരു പ്രകോപനവുമില്ലാതെ അടിച്ചതിന് പിന്നാലെ പൊലീസ് വേട്ട ആരംഭിച്ചു.
ക്രൂരമായി മര്‍ദ്ദനമേറ്റ നസിയ മുണ്ടപ്പിള്ളിയും അഭിജിത്തും ആശുപത്രിയിലാണ്. എന്നിട്ടും പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചിട്ട് പിടിച്ച് റിമാന്‍ഡ് ചെയ്യുകയാണ്. ഓടിച്ചിട്ട് പിടിക്കാനും റിമാന്‍ഡ് ചെയ്യാനും എന്ത് സംഭവമാണുണ്ടായത്? മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ പാടില്ലേ? സി പി എം പ്രതിപക്ഷത്തിരുന്ന കാലത്ത് എത്രയോ തവണ ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിമാരുടെയും വീട്ടിലേക്ക് മാര്‍ച്ച് ചെയ്തിട്ടുണ്ട്. ഏതെങ്കിലും മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ? അറസ്റ്റ് ചെയ്ത് മാറ്റുന്നതിന് പകരം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറുന്നത് ധിക്കാരമാണ്. ഈ അഹങ്കാരം വച്ചുപൊറുപ്പിക്കില്ല. അതേനാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടിക്കും. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഗൗരവതരമായി ആലോചിക്കും. അധികാരത്തിന്റെ അഹങ്കാരം കാട്ടുകയാണ്. ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ?
നരനായാട്ട് പോലെ പിരിഞ്ഞു പോയവര്‍ക്ക് പിന്നാലെ പൊലീസ് ഓടുകയാണ്. ആദ്യമായാണോ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്? എന്ത് ഗുരുതരമായ കുറ്റകൃത്യമാണ് ആ കുട്ടികള്‍ ചെയ്തത്? എന്തിനാണ് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്. എറണാകുളത്ത് പൊലീസുകാരനെ എടുത്തിട്ട് ഇടിച്ച എസ് എഫ് ഐക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനുള്ള നട്ടെല്ല് പിണറായിയുടെ പൊലീസിനില്ല. പൊലീസുകാരെ പരസ്യമായി ജീപ്പ് തടഞ്ഞ് നിര്‍ത്തി അടിച്ചവര്‍ ഇപ്പോഴും എറണാകുളത്ത് കൂടി നടക്കുകയാണ്. നിരപരാധികളായ പെണ്‍കുട്ടികളെ ആക്രമിക്കാനുള്ള കരുത്ത് മാത്രമെ ഈ പൊലീസിനുള്ളൂ.
വിദ്യാര്‍ത്ഥി സമരത്തെ ഇങ്ങനെയാണ് നേരിടുന്നതെങ്കില്‍ ഇതിലും വലിയ സമരങ്ങളെ നേരിടേണ്ടി വരും. എന്ത് പ്രകോപനമാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയത്? ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. അവരൊക്കെ 25 വര്‍ഷം മുന്‍പ് ചെയ്യേണ്ട കാര്യമാണ് ഇപ്പോള്‍ ചെയ്യുന്നത്. കുട്ടികളെയൊക്കെ അടിച്ചമര്‍ത്തി സമാധാനത്തോടെ ഭരിക്കാമെന്ന് പിണറായി വിജയന് കരുതേണ്ട.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 6, 2023, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]