
രാജ്കോട്ട്: ഹൃദയാഘാതം മൂലം 15 വയസുകാരിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അമ്റേലിയിൽ സ്കൂൾ പരീക്ഷ എഴുതാൻ പോകുന്നതിനിടെയാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. രാജ്കോട്ട് ജില്ലയിലെ ജസ്ദാൻ താലൂക്ക് സ്വദേശിനിയായ സാക്ഷി രാജോസരയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശാന്തബ ഗജേര സ്കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം ഉണ്ടായത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിനിടെ സാക്ഷി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ചതുർ ഖുന്ത് പറഞ്ഞു.
അബോധാവസ്ഥയിൽ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് പോസ്റ്റുമോർട്ടത്തിനായി അയച്ചു. പരീക്ഷാ ഹാളിൽ പ്രവേശിച്ച ശേഷം പെൺകുട്ടി കുഴഞ്ഞുവീഴുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. സംസ്ഥാനത്ത്, പ്രത്യേകിച്ച് രാജ്കോട്ടിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവാക്കൾക്കിടയിൽ ഹൃദയാഘാതം ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.
ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ രാജ്കോട്ട് ജില്ലയിൽ മാത്രം 3,512 ഹൃദയസംബന്ധമായ അത്യാഹിതങ്ങൾ കൈകാര്യം ചെയ്തുവെന്നാണ് 108 ആംബുലൻസ് സേവനങ്ങളുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. 2022ൽ ആകെ 3,458 കേസുകൾ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ഡോക്ടര്‍മാര്‍ ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹൃദ്രോഗ കേസുകള്‍ കുടുംബങ്ങളില്‍ ഉള്ളവരും ഗുരുതരമായ കൊവിഡ് 19 വൈറസിനെ അതിജീവിച്ചവരുമായി ആളുകൾ ഏതെങ്കിലും തരത്തിലുള്ള കഠിന പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതുണ്ടെന്ന് രാജ്കോട്ട് ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റ് ഡോ രാജേഷ് ടെലി പറഞ്ഞു. നേരത്തെ കൊവിഡ് ബാധിച്ചവർ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒഴിവാക്കാൻ ഒന്നോ രണ്ടോ വർഷത്തേക്ക് അമിതമായി അധ്വാനിക്കരുതെന്ന് ഐസിഎംആർ പഠനം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Last Updated Nov 4, 2023, 4:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]