
കൊവിഡ് കാലത്തിന് ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്ന് ബോളിവുഡ് വ്യവസായം അതിന്റെ പ്രതാപത്തിലേക്ക് എത്തുന്ന കാഴ്ചയാണ് സമീപകാലത്ത് ദൃശ്യമാവുന്നത്. ഷാരൂഖ് ഖാന്റെ പഠാന്, ജവാന്, സണ്ണി ഡിയോളിന്റെ ഗദര്‍ 2 എന്നിവയൊക്കെ വമ്പന്‍ കളക്ഷനാണ് നേടിയത്. ഷാരൂഖ് ഖാനും സണ്ണി ഡിയോളും നടത്തിയത് അക്ഷരാര്‍ഥത്തില്‍ തിരിച്ചുവരവുകളാണ്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ അഞ്ച് വര്‍ഷത്തെ ഇടവേള എടുത്താണ് ഷാരൂഖ് ഖാന് പഠാനുമായി എത്തിയതെങ്കില്‍ സണ്ണി ഡിയോളിന്റെ ഒരു ചിത്രം വലിയ കളക്ഷന്‍ നേടുക എന്നത് ബോളിവുഡിന്റെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള കാര്യമായിരുന്നു. എന്നാല്‍ ഗദര്‍ 2 ലൂടെ സംഭവിച്ചത് ചരിത്രമാണ്.
എന്നാല്‍ സോളോ റിലീസ് ലഭിച്ച ചിത്രമല്ല ഗദര്‍ 2. മറിച്ച് സണ്ണി ഡിയോളിനേക്കാള് താരമൂല്യത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന അക്ഷയ് കുമാറിന്റെ ഒഎംജി 2 നൊപ്പം അതേ ദിവസമാണ് ഗദര്‍ 2 എത്തിയത്. സിംഗിള്‍ റിലീസിന് ശ്രമിക്കുക എന്നത് ഇന്ന് മിക്ക ഇന്‍ഡസ്ട്രികളിലും സൂപ്പര്‍താര ചിത്രങ്ങളും നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്ന കാര്യമാണ്. ഗദര്‍ 2 ന്റെ കാര്യത്തില്‍ ഒരു റിലീസ് ക്ലാഷ് ഒഴിവാക്കാന്‍ താനും ശ്രമം നടത്തിയിരുന്നെന്നും എന്നാല്‍ നടന്നില്ലെന്നും സണ്ണി ഡിയോള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണില്‍ സംസാരിക്കവെയാണ് സണ്ണി ഡിയോള്‍ തന്റെ അനുഭവം പറയുന്നത്. അക്ഷയ് കുമാറിനോട് തന്നെ താന്‍ ഇക്കാര്യം നേരിട്ട് സംസാരിച്ചിരുന്നെന്ന് അദ്ദേഹം പറയുന്നു.
“ഒരുപാട് വര്‍ഷങ്ങളായി എനിക്ക് വിജയങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പ്രതീക്ഷയുള്ള ഒരു ചിത്രം വരുമ്പോള്‍ ഒരു ക്ലാഷ് റിലീസ് നമ്മള് ആഗ്രഹിക്കില്ല. പക്ഷേ ആരെയും നമുക്ക് തടയാനാവില്ല. കാര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതിരിക്കുന്ന സമയത്ത് മറ്റ് ചിത്രങ്ങള്‍ ഇല്ലെങ്കില്‍ തിയറ്ററുകള്‍ ലഭിക്കുകയെങ്കിലും ചെയ്യുമല്ലോ എന്നാണ് നമ്മള് കരുതുക. അക്ഷയിനോട് ഞാന്‍ പറഞ്ഞിരുന്നു. ആ തീരുമാനം നിന്റെ കൈയിലാണെങ്കില്‍ ദയവായി ഇത് ചെയ്യരുത്. പക്ഷേ അത് സാധ്യമല്ലെന്നും എല്ലാം നിര്‍മ്മാതാക്കളുടെ തീരുമാനമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ട് ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നതില്‍ പ്രശ്നമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയാവട്ടെയെന്ന് ഞാനും കരുതി”, സണ്ണി ഡിയോള്‍ പറയുന്നു.
ഒരേദിവസം എത്തിയെങ്കിലും കളക്ഷനില്‍ ബഹുദൂരം മുന്നേറിയത് സണ്ണി ഡിയോളിന്റെ ഗദര്‍ 2 ആണ്. ഇന്ത്യയില്‍ നിന്ന് 525.7 കോടി നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 686 കോടിയും നേടിയിരുന്നു. മികച്ച അഭിപ്രായം ലഭിച്ചെങ്കിലും ഇന്ത്യയില്‍ നിന്ന് 151 കോടി നേടാനേ അക്ഷയ് കുമാറിന്റെ ഒഎംജി 2 ന് ആയുള്ളൂ. എന്നാലും ഈ ചിത്രവും വിജയമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Nov 2, 2023, 8:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]