സംഗീത ആൽബവും പുത്തൻ സിനിമകളുമായി സജീവമാണ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. തന്റെ സിനിമാ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളേക്കുറിച്ചും ഈ രംഗത്ത് നിലനിൽക്കുന്ന ഇരട്ടാത്താപ്പിനേക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണവർ. സമൂഹത്തിൽ ഫെമിനിസം എന്ന വാക്ക് എത്രമാത്രം തെറ്റിധരിക്കപ്പെട്ടിരിക്കുന്നുവെന്നും ശ്രുതി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
കമൽഹാസന്റെ മകൾ എന്ന വിശേഷണത്തിന്റെ ഭാരം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി ഹാസൻ പറഞ്ഞു. പേരിനൊപ്പം ‘ധിക്കാരി’ എന്ന വിശേഷണം കൂടി ലഭിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഈ രീതിയിൽ പലരും വിളിച്ചിട്ടുണ്ട്. തന്റേതായ ഭയത്തിലും സുരക്ഷിതത്വമില്ലായ്മയിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരുന്നതെന്ന് ശ്രുതി ഹാസൻ ഓർത്തെടുത്തു.
“സ്ത്രീകളെന്ന നിലയിൽ അഭേദ്യമായ സമരമുഖം നമ്മൾ തീർത്തു. ഞാനിപ്പോൾ ആളുകളെ കാണാനും അവരെ നിരീക്ഷിക്കാനും സമയമെടുക്കുന്നു. അതും ഒരുവൾ ധിക്കാരിയാണെന്ന് പറയുന്നതിന് തുല്യമാണ്. ഞാനൊരിക്കലും അങ്ങനെയല്ല. ദൈവം എല്ലാത്തിനും സാക്ഷിയാണ്. ഒരു സ്ത്രീ ചെയ്യുന്ന അതേ കാര്യം പുരുഷനാണ് ചെയ്യുന്നതെങ്കിൽ അത് മറ്റൊരുവിധത്തിലാകും സമൂഹം സ്വീകരിക്കുക“ -ശ്രുതി പറഞ്ഞു.
താനൊരിക്കലും പുരുഷവിദ്വേഷിയല്ല. സമൂഹത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം പുരുഷന്മാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് വേണ്ടത്ര സംസാരിക്കാത്തതും അവർ അനുഭവിക്കുന്ന സമ്മർദ്ദവുമാണ്. നമുക്ക് പരസ്പരം കൂടുതൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു സംഭാഷണം നടത്താൻ താനാഗ്രഹിക്കുന്നുവെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.
ഈയിടെയാണ് അവർ മോൺസ്റ്റർ മെഷീൻ എന്ന പുതിയ ആൽബം പുറത്തിറക്കിയത്. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനാവുന്ന സലാർ ആണ് ശ്രുതിയുടേതായി വരാനിരിക്കുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]