
തൃശൂര്‍: കാല് നൂറ്റാണ്ടിലധികം നീണ്ട തടവറ വാസം കഴിഞ്ഞ് ഒറ്റക്കൊമ്പന് ചന്ദ്രശേഖരന് ഗുരുവായൂര്‍ ആനത്താവളത്തിന് പുറത്തിറങ്ങി. ഇനി ഉത്സവപ്പറമ്പുകളില്‍ ഗുരുവായൂരിന്റെ തലയെടുപ്പോടെ ചന്ദ്രശേഖരനുമുണ്ടാകും. സ്വഭാവദൂഷ്യമാണ് കഴിഞ്ഞ 26 വര്‍ഷമായി ചന്ദ്രശേഖരനെ ആനത്താവളത്തിലെ ചങ്ങലക്കുരുക്കില്‍ തളച്ചിട്ടത്. ആനത്താവളത്തിനകത്ത് പ്രദക്ഷിണം പതിവുണ്ടെങ്കിലും അതിനപ്പുറമുള്ള ലോകം കാണാറുണ്ടായിരുന്നില്ല. പാപ്പാന്മാരെ അനുസരിക്കാത്ത പ്രകൃതമാണ് ചന്ദ്രശേഖരന്റെ തടവറ വാസത്തിനു കാരണം.
മദപ്പാടുകാലത്ത് ചങ്ങല പൊട്ടിക്കുന്നത് ഒറ്റക്കൊമ്പന്റെ കുസൃതികളിലൊന്നായിരുന്നു. നീരില്‍ തളച്ച സമയത്ത് ഇടഞ്ഞ് ചങ്ങല പൊട്ടിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ മയക്കുവെടി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കുറുമ്പ് കൂടിയപ്പോള്‍ ചെറുപ്പത്തിലെ ഒരു കൊമ്പ് നഷ്ടപ്പെട്ടു. കൊമ്പിന്റെ കുറവൊഴിച്ചാല്‍ തലയെടുപ്പില്‍ ഒട്ടും മോശക്കാരനല്ലാത്ത കൊമ്പനാണ് ചന്ദ്രശേഖരന്. വിരിഞ്ഞ മസ്തകവും ആകാരവും ഉയരവും ചന്ദ്രശേഖരന്റെ ആനച്ചന്തത്തിന്റെ അലങ്കാരമാണ്.
കഴിഞ്ഞ 22 വര്‍ഷമായി സിദ്ധാര്ഥന് ആനയുടെ പാപ്പാനായിരുന്ന കെ.എന്‍. ബൈജുവാണ് രണ്ടുവര്‍ഷമായി ചന്ദ്രശേഖരനെ പരിപാലിക്കുന്നത്. ബൈജുവിന്റെ മേല്‍നോട്ടത്തില്‍ മൂന്നു പാപ്പാന്മാര് ചേര്‍ന്ന് ചന്ദ്രശേഖരനെ അനുസരണക്കാരനാക്കി മാറ്റി. ഇന്നലെ പുലര്‍ച്ചെ ചന്ദ്രശേഖരന് ഗുരുവായൂരപ്പന് മുന്നില്‍ എത്തി തൊഴുതു. രാവിലത്തെ നേദ്യ ചോറ് വയറു നിറയെ കഴിച്ചു.
ക്ഷേത്രമുറ്റത്ത് ഏറെനേരം ചെലവഴിച്ച ശേഷം വീണ്ടും ആനത്താവളത്തിലെത്തി. അടുത്ത ദിവസം മുതല്‍ ശീവേലി എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തു തുടങ്ങും. ആനപ്രേമികള്‍ ചന്ദ്രശേഖരന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചു നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. കൊമ്പിന്റെ കുറവ് മാറുന്നതോടെ ചന്ദ്രശേഖരന് പുറം എഴുന്നള്ളിപ്പുകളിലും സജീവമാകും. മികച്ച പരിപാലനം നല്കുന്ന ഒന്നാം പാപ്പാന് കെ.എന്‍. ബൈജു, രണ്ടാം പാപ്പാന് എ.ആര്. രതീഷ്, മൂന്നാം പാപ്പാന് കെ.കെ. ബിനേഷ് എന്നിവരെ ദേവസ്വം ആദരിച്ചു. ദേവസം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.എസ്. മായാദേവി, അസിസ്റ്റന്റ് മാനേജര്‍ കെ.കെ. സുഭാഷ് എന്നിവര്‍ ചേര്‍ന്ന് പാപ്പാന്മാര്ക്ക് പുടവ നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]