
ലഖ്നൗ: ഏകദിന ലോകകപ്പ് റണ്‍വേട്ടയില്‍ ഒന്നാമതെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 101 പന്തില്‍ 87 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ മൂന്ന് സിക്സും 10 ഫോറുമുണ്ടായിരുന്നു. ആറ് ഇന്നിംഗ്സുകളില്‍ 398 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് നിലവില്‍ റണ്‍വേട്ടക്കാരില്‍ നാലാമനാണ്. 66.33 ശരാശരിയിലാണ് രോഹിത്തിന്റേ നേട്ടം. 119.16 സ്ട്രൈക്ക് റേറ്റുമുണ്ട് രോഹിത്തിന്. ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമുണ്ട് രോഹിത്തിന്റെ അക്കൗണ്ടില്‍. 34 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ രോഹിത്തിന് ഒന്നാമതെത്താമായിരുന്നു. എന്നാല്‍ ആദില്‍ റഷീദിന്റെ പന്തില്‍ ലിയാം ലിവിംഗ്സ്റ്റണ് ക്യാച്ച് നല്കി രോഹിത് മടങ്ങി.
റണ്‍വേട്ടക്കാരില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് മുന്നില്‍. ആറ് മത്സരങ്ങളില്‍ 71.83 ശരാശയില്‍ 431 റണ്‍സാണ് ഡി കോക്ക് നേടിയത്. 117.12 ശരാശരിയും താരത്തിനുണ്ട്. മൂന്ന് സെഞ്ചറുകളും ഡി കോക്ക് അക്കൗണ്ടില്‍ ചേര്‍ത്തു. 117.12 സ്ട്രൈക്ക് റേറ്റിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. രണ്ട് സെഞ്ചുറികളുടെ സാഹയത്തോടെ 413 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ശരാശരി 68.83. സ്ട്രൈക്ക് റേറ്റ് 112.53. ന്യൂസിലന്‍ഡ് യുവതാരം രചിന് രവീന്ദ്ര മൂന്നാം സ്ഥാനത്താണ്. ആറ് ഇന്നിംഗ്സുകള്‍ പൂര്‍ത്തിയാക്കിയ താരം 406 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് സെഞ്ചുറികളും ഉള്‍പ്പെടും. ഇന്നലെ ഓസ്ട്രേലിയക്കെതിരേയും രവീന്ദ്ര സെഞ്ചുറി നേടി.
നാലാമന് രോഹിത്. തൊട്ടുപിന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം. ആറ് മത്സരങ്ങളില്‍ 356 റണ്‍സാണ് സമ്പാദ്യം. 59.33 ശരാശരിയിലാണ് താരം ഇത്രയും റണ്‍സ് നേടിയത്. ആദ്യ പതിനിഞ്ചിലുള്ള മറ്റൊരു ഇന്ത്യന്‍ താരം വിരാട് കോലിയാണ്. ആറാം സ്ഥാനത്താണ് അദ്ദേഹം. ആറ് മത്സങ്ങളില്‍ 354 റണ്‍സാണ് കോലി നേടിയത്. മുഹമ്മദ് റിസ്വാന് (66.60), ഡാരില്‍ മിച്ചല്‍ (322), ഹെന്റിച്ച് ക്ലാസന് (300), സദീര സമരവിക്രമ (295) എന്നിവര്‍ ഏഴ് മുതര്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ പാകിസ്ഥാന് താരങ്ങള്‍ ആരുമില്ല.
അതേസമയം, വിക്കറ്റ് വേട്ടയില്‍ ഓസ്ട്രേലിയന്‍ താരം ആഡം സാംപ ഒന്നാമത് തുടരുന്നു. ആറ് മത്സരങ്ങളില്‍ 16 വിക്കറ്റാണ് സ്പിന്നര്‍ വീഴ്ത്തിയത്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍. 14 വിക്കറ്റാണ് താരത്തിന്റെ അക്കൗണ്ടില്‍. ഷഹീന് അഫ്രീദി, മാര്‍ക്കോ ജാന്സന് എന്നിവര്‍ 12 വിക്കറ്റുകളുമായി അടുത്ത സ്ഥാനങ്ങളില്‍. 11 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്ര ആറാമതാണ്.
Last Updated Oct 29, 2023, 5:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]