
മയ്യഴി> സിപിഐ എം ചാലക്കര ബ്രാഞ്ച് സെക്രട്ടറി കെ പി വത്സനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസുകാര്‍ക്ക് കഠിനതടവും പിഴയും. മാഹി അസി. സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിനതടവിനും 1500 രൂപവീതം പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ചാലക്കര സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ മുരളി (51), പ്രിയ നിവാസില്‍ ത്രികേഷ് (38), മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് എന്ന എമ്പ്രാന്റവിട സുബീഷ് (37), ചാലക്കരയിലെ മാരിയന്റവിട സുരേഷ് (38), ന്യൂമാഹി പുന്നോല്‍ കുറിച്ചിയിലെ ചെമ്പന്റവിട ഹൗസില്‍ ചിന്നു എന്ന ഷിനോജ് (42) എന്നിവരെയാണ് അസി. സെഷന്‍സ് ജഡ്ജി എസ് മഹാലക്ഷ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം.
ചാലക്കരയിലെ പലചരക്ക് കടയില്‍ ജോലിചെയ്യുന്നതിനിടെ 2007 നവംബര്‍ അഞ്ചിന് വൈകിട്ട് 5.30 നാണ് എട്ടംഗ ആര്‍എസ്എസ് സംഘം കെ പി വത്സനെ ആക്രമിച്ചത്. ഇടത് കൈപ്പത്തി വെട്ടിമാറ്റുകയും ഇടത്കാലിന്റെ മസിലിനും വലതുകാല്‍ മുട്ടിനും തലക്കും ആഴത്തില്‍ പരിക്കേല്പിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ചാണ് അക്രമികള്‍ പോയത്. അതിവേഗം ആശുപത്രിയിലെത്തിച്ചുള്ള ചികിത്സയിലാണ് വത്സന് രക്ഷപ്പെട്ടത്. പ്രതികളായ ന്യൂമാഹി പെരിങ്ങാടി ഈച്ചിയിലെ ഷമേജ്, പുന്നോല്‍ ആച്ചുകുളങ്ങരയിലെ തിലകന്, പ്രാപ്പിടിയന്‍ സുരേഷ് എന്നിവര്‍ വിചാരണക്കിടെ മരിച്ചു.
കോഴിക്കോട് ബേബി മെമ്മൊറിയല്‍ ആശുപത്രിയില്‍വെച്ചാണ് കെ പി വത്സന്റെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ത്തത്. ഒരുമാസത്തിലേറെ ആശുപത്രികളില്‍ കിടന്നു. അക്രമം നടന്ന് 14 വര്‍ഷത്തിന് ശേഷവും ശാരീരിക അവശതയിലാണ് വത്സന്റെ ജീവിതം. കൊത്തിനുറുക്കിയ ഭര്‍ത്താവിന്റെ ശരീരം കണ്ടുള്ള നടുക്കത്തിലും വേദനയിലും അക്രമം നടന്ന് നാലാം മാസം അസുഖംബാധിച്ച് ഭാര്യ മരിച്ചു. ശിക്ഷിക്കപ്പെട്ട കുപ്പി സുബീഷ് മൂന്ന് കൊലപാതകം അടക്കംനിരവധി കേസില്‍ പ്രതിയാണ്. പള്ളൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കെ വത്സരാജ്, അഡ്വ കെ വിശ്വന് എന്നിവര്‍ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]