
കൊല്ലം : ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന് ജില്ലയിൽ ഇതുവരെ 4569 ഉടമകളിൽനിന്നായി ഏറ്റെടുത്തത് 38.09 ഹെക്ടർ. നഷ്ടപരിഹാരമായി 1635.09 കോടി രൂപ വിതരണംചെയ്തു. അവശേഷിക്കുന്ന 22 ശതമാനം ഭൂമി 30നു മുമ്പ് ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർക്ക് നിർദേശം നൽകി.
31ന് വീണ്ടും ഓൺലൈൻ യോഗം
ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ യൂണിറ്റ് പരിധിയിൽനിന്ന് 1217 ഉടമകളിൽനിന്നായി 11.73 ഹെക്ടർ, വടക്കേവിളയിൽ 801 ഉടമകളിൽനിന്ന് 5.87, കാവനാട്ട് 1171 ഉടമകളിൽനിന്ന് 9.66, കരുനാഗപ്പള്ളിയിൽ 1380 ഉടമകളിൽനിന്ന് 10.82 ഹെക്ടർ എന്നിങ്ങനെ ഏറ്റെടുത്താണ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയത്. ജില്ലയിൽ വടക്ക് ഓച്ചിറ മുതൽ തെക്ക് കടമ്പാട്ടുകോണം വരെ 57 ഹെക്ടറാണ് ആകെ ഏറ്റെടുക്കേണ്ടത്.
ജില്ലയിൽ ദേശീയപാത നിർമാണം രണ്ടു റീച്ചായാണ് കരാർ നൽകിയത്. രണ്ടിടത്തുമായി ഭൂമി ഏറ്റെടുക്കലിന് എൻഎച്ച്എയും സംസ്ഥാന സർക്കാരും ഇതിനകം 2342.94 കോടി രൂപ അനുവദിച്ചു. കായംകുളം കൊറ്റുകുളങ്ങര–- കൊല്ലം ബൈപാസ് (കാവനാട്) റീച്ച് നിർമാണത്തിന് 1580 കോടിയുടെയും കൊല്ലം ബൈപാസ്–-കടമ്പാട്ടുകോണം റീച്ചിൽ 1141.51 കോടിയുടെയും കരാർ നേരത്തെ ആയതാണ്. നഷ്ടപരിഹാരം കൈപ്പറ്റി ആളുകൾ ഒഴിഞ്ഞ കെട്ടിടങ്ങൾ പൊളിച്ചുമാൽ തുടരുകയാണ്. മേവറത്ത് മരങ്ങൾ മുറിച്ചുമാറ്റാനും തുടങ്ങി. വരുംദിവസം ഓച്ചിറയിലും മരംമുറി ആരംഭിക്കും.
ഭൂമി ഏറ്റെടുക്കൽ 30ന്
പൂർത്തിയാകും
നഷ്ടപരിഹാരത്തുക വിതരണം തുടരുകയാണെന്നും ഭൂമി ഏറ്റെടുക്കൽ നടപടി 30നു മുമ്പ് പൂർണമാകുമെന്നും ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കെ ആർ മിനിയും എൻഎച്ച്എഐ ലെയ്സൺ ഓഫീസർ എം കെ റഹ്മാനും പറഞ്ഞു. മൂന്നിന് ചേർന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകി.
കച്ചവടക്കാർ ഒഴിയണം
ഏറ്റെടുത്ത ഭൂമിയിലെ കടകളിൽനിന്ന് വാടകക്കാരായ കച്ചവടക്കാർ എത്രയും വേഗം ഒഴിയണമെന്ന് കലക്ടർ കർശന നിർദേശം നൽകി. നഷ്ടപരിഹാരത്തിന് സ്പെഷ്യൽ തഹസിൽദാർക്ക് അപേക്ഷ നൽകിയശേഷം കടകളിൽ തുടരേണ്ടതില്ല. കട ഒഴിയുന്നതും നഷ്ടപരിഹാരം ലഭിക്കുന്നതും തമ്മിൽ ബന്ധമില്ല. അപേക്ഷ 31നു ശേഷം പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]