
ദില്ലി: ലോക ചാംപ്യന്മാരായ ഇംഗ്ലണ്ട് അപ്രതീക്ഷിത തോല്‍വിയാണ് ശ്രീലങ്കയോട് ഏറ്റുവാങ്ങിയത്. തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇംഗ്ലണ്ടിനുണ്ടായത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്.
മൂന്ന് വിക്കറ്റ് നേടിയ ലാഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. എന്നാല്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസിനും വ്യക്തമായ റോളുണ്ടായിരുന്നു. അഞ്ച് ഓവറുകള്‍ എറിഞ്ഞ മാത്യൂസ് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. ഇതില്‍ ഒരോവര്‍ മെയ്്ഡിന് ആയിരുന്നു. നിര്‍ണായക ഘട്ടത്തില്‍ ലങ്കയുടെ രക്ഷകനായി മാത്യൂസ് എന്ന് പറയാം. ഇംഗ്ലണ്ടിനെതിരെ ലങ്കന്‍ ജയത്തിന്റെ അടിത്തറയിട്ടത് മാത്യൂസിന്റെ പന്തുകളായിരുന്നു.
ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ ക്രീസിലുറയ്ക്കുമെന്ന് ഉറപ്പായപ്പോഴാണ് കുശാല്‍ മെന്‍ഡിസ് ഏഞ്ചലോ മാത്യൂസിനെ പന്തേല്‍പിച്ചത്. ലങ്കന്‍ നായകന്റെ പ്രതീക്ഷ തെറ്റിയില്ല. മൂന്നാം പന്തില്‍ ഡേവിഡ് മാലന് പുറത്ത്. ജോ റൂട്ടിന് പവലിയനിലേക്ക് വഴി തെളിച്ചതും മാത്യൂസ്. താരത്തിന്റെ ത്രോയാണ് റൂട്ടിനെ റണ്ണൗട്ടാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മോയിന്‍ അലിയും മാത്യൂസിന്റെ പന്തില്‍ വീണു. അഞ്ചോവര്‍ പന്തെറിഞ്ഞ മാത്യൂസ് വിട്ടുകെടുത്തത് 14 റണ്‍സ് മാത്രം.
ലോകകപ്പ് ടീമില്‍ ഇല്ലാതിരുന്ന മുന്നായകന് അവസരം കിട്ടിയത് മതീഷ പതിരാനയ്ക്ക് പരിക്കേറ്റതോടെയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പന്തെറിഞ്ഞ് മാത്യൂസ് ലങ്കയുടെ രക്ഷകനാവുന്നത് ആദ്യമായിട്ടല്ല. 2019ലെ ലോകകപ്പിലും സമാന രീതിയില്‍ മാത്യൂസ് ലങ്കയെ ചുമലിലേറ്റി. നിക്കോളാസ് പൂരനെ പുറത്താക്കിയായിരുന്നു മാത്യൂസ് മാജിക്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു, ഈ കളയില്‍ മാത്യൂസ് പന്തെറിഞ്ഞത്.
Last Updated Oct 26, 2023, 10:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]