
വണ്ടൻമേട് > കോൺഗ്രസ് – ബിജെപി കൂട്ടുകെട്ടിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും എൽഡിഎഫ് ഭരണസമിതിക്കും എതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കനത്ത തിരിച്ചടി. പതിനൊന്നാം വാർഡംഗം രാജി വെച്ച സാഹചര്യത്തിൽ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായി എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫും – ബിജെപിയും സഖ്യത്തിലെത്തി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ പകുതിയിൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ നേടാൻ സഖ്യത്തിന് കഴിയാതെ വന്നതോടെയാണ് എൽഡിഎഫിനെതിരായ അവിശ്വാസം പരാജയപ്പെട്ടത്.
പ്രമേയം ചർച്ചക്കെടുത്ത ബുധനാഴ്ച യുഡിഎഫിന്റെയും, ബിജെപിയുടെയും അംഗങ്ങളും ഒരു സ്വതന്ത്രനുമുൾപ്പെടെ 9 പേരാണ് അവിശ്വാസത്തിനെ അനുകൂലിച്ചത്. ആകെ 18 വാർഡുകളുള്ള വണ്ടൻമേട് പഞ്ചായത്തിൽ ആകെ സീറ്റുകളിൽ പകുതിയിൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ നേടാൻ സാധിക്കാതെ വന്നതോടെയാണ് യുഡിഎഫ് – ബിജെപി സഖ്യത്തിന്റെ അവിശ്വാസം പരാജയപ്പെട്ടത്. എൽഡിഎഫിന് 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പതിനൊന്നാം വാർഡ് മെമ്പർ ആയിരുന്ന സൗമ്യ സുനിൽ രാജി വെച്ചതോടെ ഇടതുമുന്നണിയുടെ അംഗസംഖ്യ 8 ആയി ചുരുങ്ങിയിരുന്നു.
യുഡിഎഫിന് 5 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളും. ഒരു സ്വതന്ത്രനുമാണുള്ളത്. കോൺഗ്രസിലെ അധികാര തർക്കത്തെ തുടർന്ന് മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച സുരേഷ് മാനംങ്കേരിയും ബിജെപി അംഗങ്ങളും കോൺഗ്രസ്സിനൊപ്പം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്നു.
സിപിഐ എമ്മിലെ സിബി എബ്രഹാം ആണ് നിലവിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പതിറ്റാണ്ടുകൾ നീണ്ട യുഡിഎഫ് ഭരണത്തിന് അറുതി വരുത്തിയാണ് ഇത്തവണ 18 ൽ 9 സീറ്റുകളിൽ വിജയിച്ച ഇടതുമുന്നണി പഞ്ചായത്ത് ഭരണം പിടിച്ചടക്കിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും വണ്ടൻമേട് പഞ്ചായത്തിലെ വാർഡുകളിലെ കോൺഗ്രസ് – ബിജെപി ഒത്തുകളി പുറത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]