
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് തകർപ്പൻ സ്കോറിലേക്ക്. സെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന ഡാരിൽ മിച്ചലിലാണ് ന്യൂസീലൻഡിൻ്റെ പ്രതീക്ഷ. 43 ഓവർ അവസാനിക്കുമ്പോൾ ന്യൂസീലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് നേടിയിരിക്കുന്നത്.
തീപാറും ബൗളിംഗിലൂടെ കിവീസ് ഓപ്പണർമാരെ വിറപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ബുംറയും സിറാജും കൃത്യതയോടെ പന്തെറിഞ്ഞതോടെ ന്യൂസീലൻഡ് പതറി. ഇതിനിടെ റണ്ണൊന്നുമെടുക്കാത്ത ഡെവോൺ കോൺവേയെ സിറാജ് മടക്കി. ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ മുഹമ്മദ് ഷമി തൻ്റെ ആദ്യ പന്തിൽ വിൽ യങ്ങിനെയും (17) മടക്കി അയച്ചു. എന്നാൽ, മൂന്നാം നമ്പറിലെത്തിയ രചിൻ രവീന്ദ്രയും തുടർന്ന് ക്രീസിലെത്തിയ ഡാരിൽ മിച്ചലും ചേർന്ന് ന്യൂസീലൻഡിനെ രക്ഷിച്ചെടുത്തു. ഷമിയുടെ പന്തിൽ 12 റൺസിൽ നിൽക്കെ രവീന്ദ്രയുടെ ക്യാച്ച് ജഡേജ പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. അത് മുതലെടുത്ത് ആക്രമണം കടുപ്പിച്ച താരം 56 പന്തിൽ ഫിഫ്റ്റി തികച്ചു. 60 പന്തിൽ മിച്ചലും അർദ്ധസെഞ്ചുറിയിലെത്തി.
മധ്യ ഓവറുകളിൽ റൺ പിടിച്ചുനിർത്താൻ പാടുപെട്ട ഇന്ത്യൻ ബൗളർമാരെ സഖ്യം അനായാസം നേരിട്ടു. കുൽദീപ് യാദവ് പതിവിനു വിപരീതമായി തല്ലുവാങ്ങിയതും ആറാം ബൗളിംഗ് ഓപ്ഷൻ ഇല്ലാത്തതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ടൂർണമെൻ്റിലുടനീളം ഫീൽഡിൽ മികച്ചുനിന്ന ഇന്ത്യ ഇന്ന് ക്യാച്ചുകൾ നഷ്ടപ്പെടുത്തി കിവീസിനെ സഹായിക്കുകയും ചെയ്തു. 159 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മുഹമ്മദ് ഷമിയാണ് തകർത്തത്. 75 റൺസ് നേടി രവീന്ദ്ര മടങ്ങിയതിനു പിന്നാലെ ക്യാപ്റ്റൻ ടോം ലാതമിനെ (5) കുൽദീപ് യാദവും മടക്കി അയച്ചു. എന്നാൽ, അനായാസം ബാറ്റിംഗ് തുടർന്ന മിച്ചൽ കൃത്യം 100 പന്തുകളിൽ സെഞ്ചുറി തികച്ചു. ആറാം നമ്പറിലെത്തിയ ഗ്ലെൻ ഫിലിപ്സ് മിച്ചലിന് ഉറച്ച പിന്തുണ നൽകുന്നു. മിച്ചലും 107 ഫിലിപ്സും 14 ക്രീസിൽ തുടരുകയാണ്.
Story Highlights: daryl mitchell century india cricket world cup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]