
കൊച്ചി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചയാളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സായ് ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാൻ ‘സൈബർ വിദഗ്ധൻ’ സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയതിന്റെയും ആഡംബര ഹോട്ടലില്‍ താമസിച്ചതിന്റെയും രേഖകളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ദിലീപിൽനിന്ന് ഇയാൾ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് അന്വേഷകസംഘം ശ്രമിക്കുന്നത്. സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചുവരികയാണ്.
ഇയാൾ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് താമസിച്ചത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്. ജനുവരി 29, 30 തീയതികളിൽ ഈ ഹോട്ടൽമുറിയിൽ താമസിച്ചാണ് ഇയാൾ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മാറ്റിയത്. ഫോണിലെ വാട്സാപ് കോളുകൾ, ചാറ്റ്, ഫോൺവിളികൾ, സ്വകാര്യവിവരങ്ങൾ എന്നിവയാണ് നീക്കിയത്. ഭാര്യ എസ്സയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലെ ഐമാക് കംപ്യൂട്ടറാണ് ഇതിനായി ഉപയോഗിച്ചത്. യാത്ര, ഹോട്ടൽവാടക, ഭക്ഷണം അടക്കമുള്ള ചെലവുകൾക്കുള്ള തുക ദിലീപിൽനിന്ന് ഇയാൾക്ക് ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. 31ന് ഇവിടെനിന്ന് മുറി ഒഴിഞ്ഞു. ദിലീപിന്റെ രണ്ട് ഫോണുകളിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിലെത്തിച്ച് നശിപ്പിച്ചതിന് പുറമെ സായ് ശങ്കറിന്റെ സഹായത്തോടെ മറ്റ് ഫോണുകളിലെ വിവരങ്ങളും മായ്ച്ച് കളഞ്ഞതായാണ് കണ്ടെത്തൽ.
അതിനിടെ, ക്രൈംബ്രാഞ്ചിനെതിരെ സായ് ശങ്കര്‍ തിങ്കളാഴ്ച ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തെറ്റായ മേൽവിലാസമാണ് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് കാരപറമ്പ് ക്രസന്റ് ആസ്റ്റർ ഫ്ലാറ്റിന്റെ വിലാസമാണ് നൽകിയത്. എന്നാൽ, മൂന്നുവർഷംമുമ്പാണ് ഇയാൾ അവിടെ താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഗവ. ഹോമിയോ മെഡിക്കൽ കോളേജിനുസമീപം ലൈഫ്സ്റ്റൈൽ അപാർട്മെന്റിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.
സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നോട്ടീസ് നല്‍കിയിട്ടും ഹാജരായിട്ടില്ലെന്നുമാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചത്. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]