ജനപ്രിയ സിനിമകളും ക്ലാസിക്കുകളും ഒരു പോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. അങ്ങാടിയും, ഏകലവ്യനും, വാര്‍ത്തയും പോലെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഒരുപിടി സൂപ്പര്‍ഹിറ്റുകള്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നായ ഒരു വടക്കന്‍ വീരഗാഥയും നിരൂപകപ്രശംസ നേടിയ എന്ന് സ്വന്തം ജാനകിക്കുട്ടിയും ശാന്തവും. സംഗീതപ്രധാനമായ കുടുംബചിത്രങ്ങളായ തൂവല്‍ക്കൊട്ടാരവും വീണ്ടും ചില വീട്ടുകാര്യങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും പി.വി.ജി മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പി.വി ഗംഗാധരന് വിടപറയുമ്പോള്‍ കലാസ്നേഹികളായ പഴയ നിര്‍മാതാക്കളുടെ കാലഘട്ടം കൂടിയാണ് അവസാനിക്കുന്നത്.
പിവിജിയുടെ സിനിമാക്കാലം മലയാള സിനിമയുടെ സുവര്‍ണകാലത്തിന്റെ കൂടി ഏടാണ്. എന്നും നല്ല സിനിമകള്‍ എന്ന ഇഷ്ടത്തോടെ മലയാളി ആ സിനിമകളെ നെഞ്ചോട് ചേര്‍ത്തുവെച്ചു. ഏതൊരു മലയാളിയോടും പ്രിയപ്പെട്ട സിനിമകളുടെ പേര് ചോദിച്ചാല്‍ അതില്‍ കുറഞ്ഞത് പിവിജിയുടെ ഒരു സിനിമയെങ്കിലുമുണ്ടാകും. കാരണം ആ സിനിമകള്‍ പറഞ്ഞുവെച്ചതൊക്കെയും ജീവിതഗന്ധിയായ കഥകളായിരുന്നു. എം.ടിയെ പോലെ മികച്ച എഴുത്തുകാരുടെ തിരക്കഥകളായിരുന്നു ആ സിനിമകളുടെ കാമ്പ്.
22 സിനിമകള്‍ ആണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവിജി നിര്‍മ്മിച്ചത്. ആദ്യ സിനിമയായ ‘സുജാത’യില്‍ അന്നത്തെ ഏറ്റവും തിരക്കേറിയ നടന് പ്രേംനസീറിനെ നായകനാക്കി, മലയാളികളെ മയക്കിയ പാട്ടുമായി രവീന്ദ്ര ജെയിനിനെ ആദ്യമായി അവതരിപ്പിച്ചു. സുജാത അക്കാലത്തെ ട്രെന്‍ഡ് സെറ്ററായി മാറിയതോടെ പി.വി.ജിയുടെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും കല്‍പ്പക റിലീസും മലയാളികളുടെ പ്രിയപ്പെട്ട ബാനറായി. നിര്‍മാതാവിന്റെ പേര് നോക്കി പോലും മലയാളികള്‍ സിനിമയ്ക്ക് കയറി. നല്ല പടമാകും മോശമാകില്ല ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനെ പ്രേക്ഷകര്‍ക്ക് അത്രത്തോളം വിശ്വാസമായിരുന്നു.
മലയാളസിനിമയില്‍ കോഴിക്കോടിന് സുപ്രധാനസ്ഥാനം നല്‍കിയതില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്സിനുള്ള പങ്ക് ചെറുതല്ല. വാണിജ്യതാത്പര്യങ്ങള്ക്കപ്പുറം കലാമൂല്യമുള്ള സിനിമകള്‍ക്കാണ് പി.വി ഗംഗാധരനും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എക്കാലവും പ്രാമുഖ്യം നല്‍കിയത്. ഐ.വി ശശി അടക്കമുള്ള കോഴിക്കോടന്‍ സിനിമാ സംഘത്തിന്റെ ഇഷ്ടയിടമായിരുന്നു കേരളകലയെന്ന പി.വി.ജിയുടെ വീട്. സിനിമാചര്‍ച്ചകളും സൗഹൃദങ്ങളും നിറഞ്ഞുനിന്ന വീട്. ഐ.വി.ശശിയുടെ ശ്രദ്ധേയമായ ചല ചിത്രങ്ങളും നിര്‍മ്മിച്ചത് പി.വി ഗംഗാധരനായിരുന്നു. കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലായി വലിയൊരു സൗഹൃദവലയം തന്നെ പി.വി.ജിയ്ക്കുണ്ടായിരുന്നു. സംവിധാനമേഖലയില്‍ പോലും നവാഗതര്‍ക്ക് അവസരം നല്കാന് പി.വി ഗംഗാധരന് മടി കാട്ടിയില്ല. കലാമൂല്യവും ജനപ്രീതിയും ഒരു പോലെ അവകാശപ്പെട്ട ഒരു കാലത്തെ മലയാളചിത്രങ്ങളില്‍ പലതും പിറന്നത് കോഴിക്കോടന്‍ മണ്ണിലാണ്.
സിനിമ പോലെ തന്നെ അതിലെ പാട്ടുകള്‍ക്കും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് മുന്‍തൂക്കം നല്കി. വാണിജ്യപരമായ വിജയമല്ലാതിരുന്ന സിനിമകള്‍ പോലും എവര്‍ഗ്രീന്‍ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ ആ പാട്ടുകള്‍ നല്കിയ സംഭാവന ചെറുതായിരുന്നില്ല. ടി.ദാമോദരന്‍- ഐ.വി ശശി കൂട്ടുകെട്ടില്‍ നടന് ജയന് അനശ്വരമാക്കിയ എവര്‍ഗ്രീന്‍ ഹിറ്റ് ‘അങ്ങാടി’ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍ഹിറ്റുകളിലൊന്നായി. തൊഴിലാളി നേതാവായി അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ച ജയനെ ജനകീയമാക്കുന്നതില്‍ ‘അങ്ങാടി’ വഹിച്ച പങ്ക് ഏറെ വലുതായിരുന്നു.
പുതുമുഖ താരങ്ങളെ വെച്ച് 2006-ല്‍ നിര്‍മ്മിച്ച സിനിമയായിരുന്നു നോട്ട്ബുക്ക്. പുതുമുഖങ്ങളെ അണിനിരത്തി റോഷന് ആന്‍ഡ്രൂസിനെ പോലെ അന്നത്തെ താരതമ്യേന പുതുമുഖമായ സംവിധായകനെ വെച്ചൊരു സിനിമ നിര്‍മ്മിച്ചത് നല്ല സിനിമകള്‍ വരണമെന്ന അദ്ദേഹത്തിന്റെ ശക്തമായ നിലപാട് കൊണ്ടായിരുന്നു. അന്നത്തെ കാലത്ത് അധികം ചര്‍ച്ച ചെയ്യാതിരുന്ന കൗമാര ഗര്‍ഭധാരണവും അതേ തുടര്‍ന്നുള്ള പ്രശ്നങ്ങളും ചിത്രം അതിശോക്തിയില്ലാതെ അവതരിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ സിനിമ പ്രതീക്ഷിച്ച പ്രതികരണം നേടിയില്ലെങ്കിലും മികച്ച അഭിപ്രായം നേടി. മികച്ച ചിത്രങ്ങളെ ജനം ഏറ്റെടുക്കുമെന്ന് പി.വി ഗംഗാധരന്റെ കണക്ക് കൂട്ടല്‍ അവിടെയും പിഴച്ചില്ല. സാമൂഹിക പ്രസക്തിയുള്ള മികച്ച സിനിമകുടെ കൂട്ടത്തില്‍ നോട്ട്ബുക്കിന് ഇന്നും സ്ഥാനമുണ്ട്. സാമൂഹിക പ്രസ്ക്തിയുള്ള സിനിമ ഈ വ്യവസായത്തിന് അത്യാന്താപേക്ഷിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അതിന് വേണ്ടി അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലൂടനീളം അദ്ദേഹം പ്രവര്‍ത്തിച്ചു. ശാന്തം, എന്ന് സ്വന്തം ജാനകിക്കുട്ടി, കാണാക്കിനാവ് എന്നീ ചിത്രങ്ങള്‍ ആ ഗണത്തില്‍ വരുന്നവയാണ്
മലയാളത്തിന് നിരവധി പ്രതിഭാധനരായ സംവിധായകരെ ഹിറ്റ്മേക്കേഴ്സാക്കിയത് പിവിജിയുടെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ചിത്രങ്ങളായിരുന്നു. ഹരിഹരനും ഐ.വി. ശശിയും ഭരതനും സത്യന് അന്തിക്കാടും തുടങ്ങി എത്രയെത്ര സംവിധാകരാണ് കോഴിക്കോടിന്റെ മണ്ണില്‍ സിനിമയെടുത്തത്. പി.വി.ജി. തുടങ്ങിവെച്ച കോഴിക്കോടന്‍ സിനിമകള്‍ പിന്നെപ്പിന്നെ പ്രിയദര്‍ശനും മറ്റുള്ളവരും ഏറ്റെടുക്കുകയും ചെയ്തു. പതിനാറു വര്‍ഷം മുമ്പ് അദ്ദേഹം സിനിമ നിര്മ്മാണരംഗത്തുനിന്നു പിന്മാറിയെങ്കിലും അച്ഛന്റെ പാത പിന്തുടര്ന്ന് നല്ല സിനിമകളുടെ ഭാഗമാകാനാണ് എസ്. ക്യൂബ് പ്രൊഡക്ഷന്‍സിലൂടെ മക്കളായ ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും ശ്രമിച്ചത്. ലെറ്റ് ടേക്ക് എ ബ്രേക്ക് എന്ന മ്യൂസിക് ആല്‍ബത്തിലൂടെ നിര്മാണരംഗത്തേക്കെത്തിയ എസ്ക്യൂബ് പ്രൊഡക്ഷന്‍സ് ഉയരെ, ജാനകി ജാനെ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍
സുജാത
മനസാ വാചാ കര്‍മ്മ
അങ്ങാടി
അഹിംസ
ചിരിയോ ചിരി
കാറ്റത്തെ കിളിക്കൂട്
ഇത്തിരിപൂവെ ചുവന്ന പൂവേ
ഒഴിവുകാലം
വാര്‍ത്ത
ഒരു വടക്കന്‍ വീരഗാഥ
എന്നും നന്മകള്
അദ്വൈതം
ഏകലവ്യന്
തൂവല്‍ കൊട്ടാരം
കാണാക്കിനാവ്
എന്നും സ്വന്തം ജാനകിക്കുട്ടി
വീണ്ടും ചില വീട്ടുകാര്യങ്ങള്‍
കൊച്ചുകൊച്ചു സന്തോഷങ്ങള്‍
ശാന്തം
അച്ചുവിന്റെ അമ്മ
യെസ് യുവര്‍ ഓണര്‍
നോട്ട്ബുക്ക്
Content Highlights: veteran producer pv gangadharan films list
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]