
ലിവ്യൂ
റഷ്യ–- ഉക്രയ്ൻ യുദ്ധം നാലാമത്തെ ആഴ്ചയിലേക്കു കടക്കുമ്പോൾ ഉക്രയ്നിൽ ആദ്യമായി കിൻസൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചുവെന്ന് റഷ്യ. ഇവാനോ ഫ്രാൻകിവ്സ്ക് പ്രദേശത്ത് ഉക്രയ്ൻ സൈന്യം മിസൈലുകളും യുദ്ധോപകരണങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭഅറ തകർത്തതായി റഷ്യൻ പ്രതിരോധ വക്താവ് മേജർ ജനറൽ ഇഗർ കൊനാഷെൻകോവ് പറഞ്ഞു. കരിങ്കടലിനു സമീപം ഒഡേസ തുറമുഖത്ത് ഉക്രയ്ന്റെ സൈനിക സംവിധാനം തകർക്കാൻ ബാസ്റ്റ്യൻ മിസൈൽ ഉപയോഗിച്ചതായും ഇഗർ അറിയിച്ചു.
മരിയൂപോളിലെ സ്റ്റീൽ പ്ലാന്റും ആക്രമണത്തിൽ തകർന്നു. സിപോസിയ ആണവനിലയമുള്ള മേഖലയിൽ ഉക്രയ്ൻ സൈന്യം 38 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. റഷ്യയുമായി 10 മാനുഷിക ഇടനാഴികൾക്കുകൂടി ധാരണയായെന്ന് ഉക്രയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരെഷ്ചുക് അറിയിച്ചു. സംഘർഷം രൂക്ഷമായ മരിയൂപോൾ, കീവ്, ലുഹാൻസ്ക് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെയാണിത്. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖെർസനിലേക്കുള്ള മാനുഷിക സഹായവും എത്തിക്കുമെന്ന് ഐറിന പറഞ്ഞു.
റഷ്യ സൈനിക നടപടി തുടങ്ങിയശേഷം 112 കുട്ടികൾ കൊല്ലപ്പെട്ടതായി ഉക്രയ്ൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു. 140 കുട്ടികൾക്ക് പരിക്കേറ്റു. യുഎൻ കണക്ക് അനുസരിച്ച് 15 ലക്ഷം കുട്ടികളാണ് ഉക്രയ്നിൽനിന്ന് പലായനം ചെയ്തത്.
ഡൊണെട്ക്സിൽ ആക്രമണം തുടർന്ന് ഉക്രയ്ൻ
കിഴക്കൻ ഉക്രയ്നിൽ റഷ്യൻ അനുകൂല മേഖലയായ ഡൊണെട്സ്കിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 പ്രാവശ്യം ഉക്രയ്ൻ സൈന്യം ഷെൽ ആക്രമണം നടത്തിയതായി ജോയിന്റ് സെന്റർ ഫോർ കൺട്രോൾ ആൻഡ് കോ–- ഓർഡിനേഷൻ. റോക്കറ്റുകളും മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 26 പേർക്ക് പരിക്കേറ്റു. ഇരുപത്താറോളം വീട് തകർന്നു. ഫെബ്രുവരി 17 മുതൽ ഇവിടെ 55 സാധാരണക്കാരാണ് ഉക്രയ്ൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 21 കുട്ടികളുൾപ്പെടെ 301 പേർക്ക് പരിക്കേറ്റു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]