
ഫറ്റോര്‍ഡ – എഴുപത്തേഴാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് കേരളം വിജയത്തോടെ തുടക്കമിട്ടു. ഗുജറാത്തിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തോല്പിച്ച് കേരളം ഗ്രൂപ്പ് എ-യില്‍ പടയോട്ടം തുടങ്ങി. രണ്ട് ഗോളടിച്ച സ്ട്രൈക്കര്‍ അക്ബര്‍ സിദ്ദീഖായിരുന്നു വേറിട്ടുനിന്നത്. ക്യാപ്റ്റന്‍ നിജൊ ഗില്ബര്്ട് രണ്ട് ഗോളിന് അവസരമൊരുക്കുകയും ഒരു ഗോള്‍ സ്കോര്‍ ചെയ്യുകയും ചെയ്തു. അഞ്ചാം മിനിറ്റില്‍ തന്നെ രിസ്വാനലിയിലൂടെ കേരളം ഗുജറാത്ത് ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ ഗാലറിയെ ഇളക്കി നിജൊ വലതു വിംഗിലൂടെ കുതിക്കുകയും ഇ സജീഷിന് കൃത്യമായി പന്ത് കട്ട്ബാക്ക് ചെയ്യുകയും ചെയ്തു. സജീഷിന് പിഴച്ചെങ്കിലും ചാടിവീണ അക്ബര്‍ വലയിട്ടു കുലുക്കി.
രിസ്വാനലിയായിരുന്നു ഗുജറാത്ത് പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചത്. പലതവണ തലനാരിഴക്ക് ശ്രമങ്ങള്‍് പാളി. മുപ്പതാം മിനിറ്റില്‍ അക്ബര്‍ ലീഡുയര്‍ത്തി. ബോക്സിന്റെ മൂലയില്‍ നിന്ന് അക്ബര്‍ വളച്ചുവിട്ട ഷോട്ട് ഗോളി ശുഭം ചൗഹാനെ നിസ്സഹായനാക്കി. ഇത്തവണയും വലതു വിംഗില്‍ നിന്ന് ക്രോസ് ചെയ്തത് നിജോയായിരുന്നു.
രണ്ടാം പകുതിയില്‍ ഗുജറാത്ത് ഗോളി സ്ഥാനം തെറ്റി നില്ക്കുന്നതു കണ്ട നിജൊ ഗാലറിയെ വിസ്മയിപ്പിച്ച് ബോക്സിന് പുറത്തുനിന്ന് വലയിലേക്ക് പന്തുയര്‍ത്തുകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജമ്മുകശ്മീര്‍ 1-0 ന് ഛത്തിസ്ഗഢിനെ തോല്പിച്ചു. 45ാം മിനിറ്റില്‍ രാജ മുശറഫാണ് വിജയ ഗോളടിച്ചത്.
ഏഴു തവണ ചാമ്പ്യന്മാരായ കേരളത്തിന് ഗ്രൂപ്പിലെ പ്രധാന എതിരാളികള്‍ ആതിഥേയരായ ഗോവയാണ്. ആറ് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട്. ആറ് ഒന്നാം സ്ഥാനക്കാരും മൂന്ന് മികച്ച രണ്ടാം സ്ഥാനക്കാരും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും. അരുണാചല്പ്രദേശിലായിരിക്കും ഫൈനല്‍ റൗണ്ട്. നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടക, റണ്ണേഴ്സ്അപ് മേഘാലയ, ആതിഥേയരായ അരുണാചല്‍ ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് ബൈ നല്‍കിയിരിക്കുകയാണ്. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന ഫൈനല്‍ റൗണ്ടില്‍നിന്ന് നാല് ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരെന്ന നിലയില്‍ ടൂര്‍ണമെന്റ് കളിച്ച കേരളത്തിന് സെമിഫൈനലിലേക്ക് മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]