സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ പുതിയ ബാറുകൾക്ക് ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് കാണിച്ച് എക്സൈസ് വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മീഷണർ ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയത്.
നേരത്തെ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികൾ എക്സൈസ് കമ്മീഷണറുടെ സ്ഥാനമാറ്റത്തിലും രണ്ട് ഉയർന്ന ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലും കലാശിച്ചിരുന്നു.
എന്നാൽ നിലവിലുള്ള നിയമചട്ടങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് തങ്ങൾ ബാറുകൾക്ക് ലൈസൻസ് നൽകിയതെന്നാണ് ഈ നടപടിക്ക് ഇരയായ മുൻ എക്സൈസ് കമ്മീഷണർ സീറാം സാമ്പശിവറാവു പരസ്യമായി വ്യക്തമാക്കിയത്. സസ്പെൻഷനിലായ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരും ഇതേ നിലപാടാണ് ആവർത്തിക്കുന്നത്.
പുതിയ മദ്യനയം നിലവിൽ വന്നതിന് ശേഷം മാത്രമേ ലൈസൻസ് വിതരണം പാടുള്ളൂ എന്ന് മുൻപ് കർശന നിർദ്ദേശം നൽകിയിരുന്നുവെന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കിയിരുന്നെങ്കിലും, ഇക്കാര്യത്തിൽ അന്ന് ഔദ്യോഗികമായ രേഖാമൂലമുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നില്ല. ഈ വിവാദങ്ങൾക്കും നടപടികൾക്കും പിന്നാലെ പുതിയ ലൈസൻസിനായുള്ള അപേക്ഷകൾ എത്തിയപ്പോൾ, നയം രൂപീകരിക്കുന്നതുവരെ കാത്തിരിക്കണമെന്ന് അന്നത്തെ നികുതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, പുതിയ മദ്യനയം എത്രയും പെട്ടെന്ന് രൂപീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. വിഷയത്തിൽ നടപടികൾ നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും, ഈ മാസം മുപ്പതിനകം പുതിയ നയം നിലവിൽ വരണമെന്നുമാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
നിലവിൽ ഇരുപത്തിയൊന്നിലധികം പുതിയ ലൈസൻസ് അപേക്ഷകളാണ് സർക്കാരിന്റെ പരിഗണനക്കായി മുന്നിലുള്ളത്. കൃത്യമായ മുൻകൂർ ഉത്തരവുകൾ നൽകാതെ ഉദ്യോഗസ്ഥരെ മാത്രം സർക്കാരിന്റെ താൽപ്പര്യങ്ങൾക്ക് വേണ്ടി ബലിയാടുകൾ ആക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് വകുപ്പിന്റെ ഭാഗത്തുനിന്നും പുതിയ സർക്കുലർ ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

