വിവാഹാനന്തരം ആഘോഷങ്ങളും ഉത്സവങ്ങളും ഭർത്താവിന്റെ കുടുംബത്തോടൊപ്പം മാത്രം പങ്കിടേണ്ടിവരുന്ന സാമൂഹിക സാഹചര്യത്തെ ചോദ്യം ചെയ്തുകൊണ്ട് യുവതി പങ്കുവെച്ച കുറിപ്പ് സൈബർ ലോകത്ത് ചർച്ചയാകുന്നു. ഷെഫാലി നാഥ് എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്.
ആൺമക്കളില്ലാത്ത കുടുംബങ്ങളിലെ വിവാഹിതരായ പെൺമക്കളുടെ മാതാപിതാക്കൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ചാണ് പോസ്റ്റിൽ പ്രധാനമായും പരാമർശിക്കുന്നത്. “വിവാഹിതരായ പെൺമക്കൾക്ക് എപ്പോഴാണ് സ്വന്തം മാതാപിതാക്കൾക്കൊപ്പം ഉത്സവങ്ങൾ ആഘോഷിക്കാൻ കഴിയുക? പ്രത്യേകിച്ച് സഹോദരന്മാരില്ലാതെ പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളിലെ അവസ്ഥ എന്താണ്? മക്കളുടെ വിവാഹശേഷം ഓരോ ദീപാവലിയും ഹോളിയും ഇത്തരം മാതാപിതാക്കൾ തനിച്ചാണോ ആഘോഷിക്കേണ്ടത്?” എന്നാണ് യുവതി ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ.
വിവാഹത്തിന് ശേഷവും ആൺമക്കൾക്ക് തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാനും കുടുംബത്തിന്റെ ചുമതലകൾ നിർവഹിക്കാനും സാധിക്കുന്നുണ്ട്. എന്നാൽ, പെൺമക്കൾ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ പലതരം വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നു.
ഏത് കുടുംബത്തിന് മുൻഗണന നൽകണം എന്ന അടിച്ചേൽപ്പിക്കലുകൾ ഇവിടെ പ്രസക്തമാകുന്നു. വിവാഹശേഷം ഭർതൃവീട്ടിലെ ആഘോഷങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന അലിഖിത നിയമം സമൂഹം ഇപ്പോഴും തുടരുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ആഘോഷങ്ങൾ ഭർത്താവിന്റെയോ ഭാര്യയുടെയോ വീട്ടിൽ മാത്രം ഒതുങ്ങണമെന്നല്ല ഇതിനർത്ഥം. മറിച്ച്, ആഘോഷങ്ങൾ എവിടെ നടത്തണം എന്ന് തീരുമാനിക്കാൻ ദമ്പതികൾക്ക് തുല്യമായ അവകാശമുണ്ടായിരിക്കണം.
“വിവാഹിതരായ സ്ത്രീകളോടാണ്, പ്രത്യേകിച്ച് സഹോദരന്മാരില്ലാത്തവരോട്, നിങ്ങളുടെ അനുഭവങ്ങൾ എന്താണ്? സ്വന്തം വീട്ടുകാർക്കൊപ്പം ആഘോഷിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ?” എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഈ കുറിപ്പിന് താഴെ നിരവധിപ്പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
“സപ്പോർട്ടായി നിൽക്കുന്ന ഭർത്താവും ഭർതൃവീട്ടുകാരും ഉണ്ടെങ്കിൽ സ്വന്തം മാതാപിതാക്കൾക്കൊപ്പവും ആഘോഷങ്ങൾ സാധ്യമാണ്” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. “ഞാൻ എന്റെ മാതാപിതാക്കളുടെ ഏക മകളാണ്.
എല്ലാ ആഘോഷങ്ങളും ഞാൻ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് ആഘോഷിക്കുന്നത്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ല” എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

