മെലിഞ്ഞുനീണ്ട, ശാന്തനായ ഒരു യുവാവ്. ഒച്ചയുയർത്താതെ സംസാരിക്കുന്ന പ്രകൃതം.
ഏൽപിക്കുന്ന ജോലികൾ കൃത്യമായി നിർവഹിക്കുന്ന കഠിനാധ്വാനി. ഇത്രയും നാൾ തങ്ങളുടെ കൺമുന്നിൽ ജീവിച്ച ആ സൗമ്യനായ ചെറുപ്പക്കാരൻ ആരാണെന്നറിഞ്ഞ ചാമക്കട നിവാസികൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.
ബിഹാർ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ ‘ടോപ് 10’ ക്രിമിനലുകളിൽ ഒരാളാണ് അയാൾ. ബിഹാറിലെ ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോയുടേത് അടക്കമുള്ള കൊലപാതകങ്ങളിൽ പ്രതിയായ മുഹമ്മദ് അജാജ് അഹമ്മദ് എന്ന 32 കാരനാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
ഏകദേശം 250 ഓളം പൊലീസുകാരും ഒരു ഗ്രാമത്തിലെ നാട്ടുകാരും ചേർന്ന് ഡ്രോണുകൾ അടക്കമുള്ള സകല സന്നാഹങ്ങളുമായി പിടികൂടാൻ ഇറങ്ങിയിട്ടും ആ വല പൊട്ടിച്ചു കടന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാൾ. 2016 മുതൽ കേരളത്തിൽ അതിഥിത്തൊഴിലാളിയെന്ന മട്ടിലാണ് അജാജ് കഴിഞ്ഞിരുന്നത്.
ഇടയ്ക്ക് ബിഹാറിലെത്തി കൊലയും കൊള്ളയും നടത്തി മടങ്ങാറുണ്ടെന്നാണ് ബിഹാർ പൊലീസ് വ്യക്തമാക്കുന്നത്. ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയായ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 12 നാണ് ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോ കൊല്ലപ്പെടുന്നത്. സീതാമഠിയിലെ ദുംറയിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മഹ്തോയെ അജാജും ത്രിഭുവൻ എന്ന കുറ്റവാളിയും ചേർന്നു വെടിവച്ചു വീഴ്ത്തിയത്.
തൊട്ടുപിന്നാലെ പൊലീസ് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചു. സീതാമഠിയിലെ കരിമ്പിൽതോട്ടത്തിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി.
തോട്ടത്തിനടുത്ത് ഒളിപ്പിച്ച നിലയിൽ അജാജിന്റെ ബൈക്കും ആയുധങ്ങളും കണ്ടെടുത്തതോടെ തിരച്ചിൽ കൂടുതൽ ശക്തമാക്കി. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിലിനൊപ്പം ആർജെഡി പ്രവർത്തകരും ഗ്രാമീണരും പൊലീസിനൊപ്പം അണിനിരന്നു.
ഏക്കറുകളോളം പരന്നുകിടക്കുന്ന തോട്ടങ്ങളിലും സമീപപ്രദേശങ്ങളിലും രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഒടുവിൽ പുലർച്ചയോടെ ത്രിഭുവനെ പിടികൂടാൻ സാധിച്ചെങ്കിലും അജാജ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രൂരമായ കുറ്റകൃത്യങ്ങളിൽ അജാജ് പ്രതിയാണ്. ഇടയ്ക്കിടെ ബിഹാറിലെത്തി കൊലയും മോഷണവും നടത്തുന്ന ഇയാൾ അതിനുശേഷം എവിടേക്കാണ് ഒളിച്ചോടുന്നതെന്ന് ആർക്കും തിരിഞ്ഞു കിട്ടിയിരുന്നില്ല.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ട്രാക്ക് ചെയ്യാനും സാധിച്ചിരുന്നില്ല. അയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരന്തരം നിരീക്ഷിച്ചുവന്ന ബിഹാർ പൊലീസിന് ഒടുവിൽ തുമ്പായത് ഒരു ഫോൺ കോളായിരുന്നു.
ഒരു ബന്ധുവിന്റെ ഫോണിലേക്കു വന്ന കോൾ അജാജിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ള സിംകാർഡിൽ നിന്നായിരുന്നു. കോൾ വന്നത് കേരളത്തിൽ നിന്നാണെന്ന് വ്യക്തമായതോടെ അയാൾ കേരളത്തിലുണ്ടെന്ന സംശയം പൊലീസിൽ ബലപ്പെട്ടു.
തുടർന്ന് എസ് ഐ രാമായൺ കുമാറും ഒരു കോൺസ്റ്റബിളും കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു. അജാജിന്റെ സുഹൃത്ത് കൊച്ചിയിലുണ്ടെന്ന് മനസ്സിലാക്കിയ ഇവർ, അയാളെ ചോദ്യം ചെയ്തതിലൂടെ അജാജ് കൊല്ലത്തുണ്ടെന്ന് ഉറപ്പുവരുത്തി.
കൊല്ലത്തെത്തിയ ബിഹാർ പൊലീസ്, ഈസ്റ്റ് പൊലീസിന്റെ സഹായം തേടി. ഇരു സംഘങ്ങളും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ അയാൾ താമസിച്ചിരുന്ന വാടകവീട് കണ്ടെത്താൻ സാധിച്ചു.
സമീപത്തെ ഓട്ടോ ഡ്രൈവർമാരും മറ്റും അജാജിനെ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും അയാളും കുടുംബവും അവിടെ നിന്നും താമസം മാറിയിരുന്നു. വീടിന്റെ അഡ്വാൻസ് തുക തിരികെ വാങ്ങാൻ അയാൾ വീണ്ടും എത്തുമെന്ന് കണക്കുകൂട്ടി കാത്തിരുന്ന പൊലീസിന്റെ വലയിൽ ഒടുവിൽ അജാജ് കുടുങ്ങുകയായിരുന്നു.
2016 മുതൽ മുഹമ്മദ് അജാജ് കേരളത്തിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭാര്യയും കുട്ടികളും മാതാപിതാക്കളും അയാൾക്കൊപ്പമുണ്ട്.
കൊല്ലത്ത് ഡ്രൈവറായും മറ്റും ജോലി ചെയ്തു വരികയായിരുന്നു. ആത്മാർത്ഥമായി ജോലി ചെയ്തിരുന്നതിനാൽ തൊഴിലുടമകൾക്കെല്ലാം ഇയാളോട് നല്ല മതിപ്പായിരുന്നു.
ഏതു സമയത്തും കൈത്തോക്ക് കരുതുന്ന ശീലം ഇയാൾക്കുണ്ടായിരുന്നു. പിടിയിലാകുമ്പോൾ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിനു രൂപ ബാലൻസുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നാട്ടിൽ പോയി നടത്തുന്ന മോഷണങ്ങളിൽ നിന്നു ലഭിച്ചിരുന്ന പണമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

