വടകര മേഖലയിൽ വയറിളക്ക രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലുകളിലും ബേക്കറികളിലും മിന്നൽ പരിശോധന ശക്തമാക്കി.
പുതിയ സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ന്യൂ ലവ്ലി ബേക്കറിയുടെ പലഹാര നിർമാണ യൂണിറ്റിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യവകുപ്പ് ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. പൊതുജനാരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങളും കാറ്റിൽപ്പറത്തി തികച്ചും വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവിടെ പലഹാരങ്ങൾ നിർമിച്ചിരുന്നത്.
ഈ സ്ഥാപനം തുടർന്നും പ്രവർത്തിക്കുന്നത് ഗുരുതരമായ പകർച്ചവ്യാധികൾക്ക് കാരണമായേക്കാമെന്ന വിലയിരുത്തലിനെത്തുടർന്ന്, ആരോഗ്യ വിഭാഗം ഇത് താൽക്കാലികമായി അടച്ചുപൂട്ടാൻ കർശന നിർദേശം നൽകി. യാതൊരുവിധ ഔദ്യോഗിക ലൈസൻസുകളുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
ഇവിടെ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന കാർഡുകൾ (ഹെൽത്ത് കാർഡ്) ഉണ്ടായിരുന്നില്ല. ബേക്കറി ഉൽപന്നങ്ങളുടെ നിർമാണത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചിരുന്നില്ലെന്നും അധികൃതർ കണ്ടെത്തി.
കൂടാതെ, നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകൾ വ്യാപകമായി ഉപയോഗിക്കുന്നതായും അപ്പക്കൂടിന് സമീപം കൊതുക് പെരുകാൻ ഇടനൽകുന്ന സാഹചര്യമുള്ളതായും പരിശോധനയിൽ വ്യക്തമായി.
തികഞ്ഞ അറപ്പുളവാക്കുന്ന പഴക്കമുള്ള അലൂമിനിയം പാത്രങ്ങളിലാണ് കേക്കുകൾ നിർമിച്ചിരുന്നത്. ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ചോറോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.പി.സുനിൽ പള്ളിക്കര എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.ജി.ചെറിയാൻ വ്യക്തമാക്കി.
വയറിളക്ക രോഗങ്ങൾക്കെതിരെ കർശന ജാഗ്രത പാലിക്കണം വ്യക്തിഗത ശുചിത്വം കർശനമായി പാലിക്കുന്നതിലൂടെ പ്രതിരോധിക്കാൻ സാധിക്കുന്നവയാണ് വയറിളക്ക രോഗങ്ങളെന്നും, അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഒരു വിദ്യാർഥിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെഡിക്കൽ ഓഫിസർ ഈ മുന്നറിയിപ്പ് നൽകിയത്.
എപ്പോഴും നന്നായി തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കുക. യാതൊരു കാരണവശാലും തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

