പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപം കടപ്പാറയിൽ കർഷകനായ ജോസിന് ലഭിച്ച 35 കിലോ തൂക്കം വരുന്ന ഭീമൻ കപ്പ സോഷ്യൽ മീഡിയയിലും നാട്ടിലും വലിയ കൗതുകമായി മാറിയിരുന്നു. വലിയ വാർത്തയായി മാറിയ ഈ കപ്പ എന്തുചെയ്തു എന്നറിയാനുള്ള ജനങ്ങളുടെ ആകാംക്ഷയ്ക്ക് മറുപടി നൽകുകയാണ് കർഷകനായ കടപ്പാറ ചിറയത്ത് ജോസ്.
“വെറുതെ ഇരുന്നാൽ കേടായി പോയാലോ എന്നു വിചാരിച്ച് കപ്പ മുറിച്ച് അടുത്തുള്ള മൂന്നു നാല് വീടുകളിൽ കൊടുത്തു. എന്നിട്ടും ബാക്കി വന്നതിനാൽ അരിഞ്ഞ് ഉണക്കാൻ വച്ചിരിക്കുകയാണ്.
വിൽക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല. പക്ഷേ ഇപ്പോൾ കപ്പ പറിച്ചെടുക്കേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.
എന്തായാലും ഒരു വർഷത്തേക്കുള്ള കപ്പയായിട്ടുണ്ട്. സഹോദരങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്ത് അവർക്കുവേണ്ടിയാണ് കപ്പ ഇളക്കുന്നത്.
അപ്പോഴാണ് ഭീമൻ കപ്പ കാണുന്നതും. അദ്ഭുതവും ഒപ്പം ആനന്ദവുമാണ് തോന്നിയത്.
എല്ലാവരും ഉണ്ടായിരുന്നതിനാൽ അതൊരു ഉത്സവം പോലെയായി. അപ്പോഴത്തെ ആവേശത്തിൽ കപ്പ ഇളക്കിയെടുക്കുകയും ചെയ്തു.
കുട്ടികൾ അത് വിഡിയോ എടുത്തു പ്രചരിപ്പിച്ചു. പെട്ടെന്ന് തന്നെ വിഡിയോ വൈറലായി.
ഒരുപാട് പേർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. ഇനിയും ആ തണ്ടിൽ നിന്ന് കപ്പ ഇളക്കിയെടുക്കാനുണ്ട്.
തണ്ടിന് 20 ഇഞ്ച് ഓളം വലിപ്പമുണ്ട്. സാധാരണ 8 ഇഞ്ച് വലിപ്പമൊക്കെയാണ് ഉണ്ടാവാറുള്ളത്.
5 കിലോ യുള്ള 4 കപ്പ ഇതിനു മുൻപ് വിളവെടുത്തിരുന്നു. ഇനി 100 കിലോ யെങ്കിലും വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്”, ജോസ് വ്യക്തമാക്കി.
കഴിഞ്ഞ 3 വർഷമായി കൃഷി ചെയ്തുവരുന്ന ജോസ്, കവുങ്ങിന് ഇടയിലാണ് കപ്പ നട്ടിരിക്കുന്നത്. ഇത്തവണ 10 മൂടു കപ്പയാണ് നട്ടിരുന്നതെങ്കിലും മുമ്പെങ്ങും ഇത്രയും വലിയ വിളവെടുപ്പ് ലഭിച്ചിട്ടില്ല.
ഇതിനുമുമ്പ് ഓരോ മൂടിൽ നിന്നും 25 മുതൽ 30 കിലോ വരെ കപ്പ ലഭിച്ചിരുന്നു. വീട്ടിലെത്തിയ ബന്ധുക്കൾക്ക് നൽകാനായി ഒരു മൂട് പൂർണ്ണമായി ഇളക്കിയപ്പോഴാണ് അസാധാരണ വലിപ്പമുള്ള ഈ കപ്പ ശ്രദ്ധയിൽപ്പെട്ടത്.
മികച്ച മൂപ്പുള്ള വെള്ളാങ്കി ഇനത്തിൽപ്പെട്ട ഈ കപ്പ, മുൻവർഷങ്ങളിലെ കപ്പത്തണ്ട് മുറിച്ചുനട്ടാണ് വളർത്തിയത്.
നല്ല രീതിയിൽ നനവ് ലഭിക്കുകയും മണ്ണ് ആഴത്തിൽ കൊത്തിയിളക്കി തടമെടുക്കുകയും ചെയ്തതല്ലാതെ ഇതിനായി യാതൊരുവിധ രാസവളങ്ങളും ഉപയോഗിച്ചിട്ടില്ലെന്നും ജോസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

