കോട്ടയം ജില്ലയിലെ കറുകച്ചാലിൽ അപൂർവ്വ ഇനത്തിൽപ്പെട്ട കൂറ്റൻ നാഗശലഭത്തെ കണ്ടെത്തി.
ചമ്പക്കരയിലെ അറയ്ക്കൽ വീട്ടിൽ സെബിൻ സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടിലെ ചെടിച്ചട്ടിയിലാണ് ഏകദേശം 12 ഇഞ്ചോളം വലുപ്പമുള്ള ഈ അതിഥി എത്തിയത്. ഒരു വയസ്സുകാരനായ മകൻ അയാനെ കാക്കയെ കാണിക്കാൻ വീടിന്റെ ഉമ്മറത്ത് എത്തിയപ്പോഴാണ് സെബിൻ ഈ കാഴ്ച ആദ്യം കാണുന്നത്.
സംഭവത്തെക്കുറിച്ച് സെബിൻ സെബാസ്റ്റ്യൻ പറയുന്നത് ഇങ്ങനെ:
‘കുഞ്ഞിനെ കാക്കയെ കാണിക്കാൻ പുറത്തെത്തിയപ്പോഴാണ് പൂമ്പാറ്റയെ കാണുന്നത്. ആദ്യം പാമ്പാണെന്ന് കരുതി പേടിച്ചു.
ഇവിടെ പാമ്പൊക്കെ ഇടയ്ക്ക് വരാറുണ്ട്. പിന്നീടാണ് പൂമ്പാറ്റയാണെന്ന് മനസ്സിലായത്.
2 ദിവസം വീട്ടിൽ ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് വീടിന്റെ മുൻവശത്ത് തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയിൽ പൂമ്പാറ്റയെ കണ്ടത്.
വ്യാഴാഴ്ച വലിയ മഴ പെയ്യുന്നതു വരെ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പോയപ്പോൾ ചെറിയ വിഷമമായി.
വീട്ടിൽ പൂക്കൾ ഉള്ളതിനാൽ ചെറിയ പൂമ്പാറ്റകളൊക്കെ വരാറുണ്ടെങ്കിലും ഇത്രയും വലിയ പൂമ്പാറ്റ ആദ്യമായാണ്. തേക്കടിയിലും കൊടൈക്കനാലിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പൂമ്പാറ്റയെ കണ്ടിട്ടില്ല.
വലിയ അദ്ഭുതമാണ് തോന്നിയത്. അടുത്തുള്ളവരെയൊക്കെ വിളിച്ച് കാണിച്ചു.
ഗ്രൂപ്പിലൊക്കെ ഷെയർ ചെയ്തു. എല്ലാവർക്കും അതിശയമായിരുന്നു’ ഇന്ത്യയിലെ ഏറ്റവും വലിയ ശലഭം ഇന്ത്യയിൽ കണ്ടുവരുന്നതിൽ ഏറ്റവും വലുപ്പം കൂടിയ ശലഭമാണ് നാഗശലഭം.
പകൽ സമയത്ത് വിശ്രമിക്കുന്ന ഇവ രാത്രിയിലാണ് സഞ്ചാരം. അതിനാൽ നിശാശലഭം എന്നാണിതിനെ ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്.
ചിറകിന്റെ അഗ്രഭാഗങ്ങൾ മൂർഖൻ പാമ്പിന്റെ തലയോട് സാദൃശ്യമുള്ളതിനാൽ അറ്റ്ലസ് മോത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. രണ്ടാഴ്ച ആയുസ്സുള്ള ഈ ശലഭം ലാർവ അവസ്ഥയിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.
സാധാരണയായി ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവയെ കാണുന്നത്. നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണാറുള്ളത്.
ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള ഇവ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ചിറകിലെ പാമ്പിനോടുള്ള സാദൃശ്യം ഉപയോഗിക്കുന്നു. ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്.
സ്നേക്സ് ഹെഡ് എന്നും ഇവയെ വിളിക്കുന്നുണ്ട്. സാധാരണ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം.
പെൺശലഭത്തിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ഇവയുടെ ആൺ ശലഭങ്ങളെത്തുന്നത്. അതിജീവനത്തിന്റെ ഭാഗമായുളള ഉഗ്രരൂപമുള്ള ചിറകുകൾ പ്രത്യുൽപാദന പ്രക്രിയ പൂർത്തിയാകുന്നതോടെ പൊഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

