വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് കേരളത്തിന്റെ വേദനയായി മാറിയ ശ്രുതി പുതിയ ജീവിതത്തിലേക്ക് കടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രുതിയുടെ വിവാഹം.
മാനന്തവാടി സ്വദേശിയും വയനാട് കലക്ട്രേറ്റിലെ ജീവനക്കാരനുമായ സന്ദീപ് ആണ് ശ്രുതിക്ക് താലിചാർത്തിയത്. പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ മുൻമന്ത്രി കെ.രാജൻ സന്നിഹിതനായിരുന്നു.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ‘‘ഈ നിമിഷത്തിൽ വളരെ സന്തോഷമുണ്ട്.
എല്ലാമറിഞ്ഞും എന്റെ കൈ പിടിച്ചയാളാണ്. മുന്നോട്ടും സന്തോഷമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു’’ എന്ന് വിവാഹത്തിനു ശേഷം ശ്രുതി മാധ്യമങ്ങളോടു പറഞ്ഞു.
ഒന്നിനുപിറകെ ഒന്നായി വലിയ ദുരന്തങ്ങളെ നേരിടേണ്ടിവന്ന ജീവിതമായിരുന്നു ശ്രുതിയുടേത്. വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപതു പേരെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്.
ഒപ്പം സ്വന്തം വീടും തകർന്നിരുന്നു. പ്രിയപ്പെട്ടവരെല്ലാം വിടപറഞ്ഞപ്പോൾ താങ്ങായി ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസൻ ഒരു വാഹനാപകടത്തിൽ മരണപ്പെടുകയും ചെയ്തു.
ആ അപകടത്തിൽ ശ്രുതിയുടെ കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് അതിജീവനത്തിനായി നടത്തിയ പോരാട്ടത്തിനൊടുവിൽ കലക്ടറേറ്റിൽ റവന്യു വകുപ്പിലെ പൊതുജന പരാതി വിഭാഗത്തിൽ (പിജി സെൽ) ക്ലാർക്കായി നിയമനം ലഭിച്ചു.
2024 ഡിസംബർ മാസത്തിലാണ് ശ്രുതി ജോലിയിൽ പ്രവേശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

