അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിലും നികുതി വെട്ടിപ്പിലും അന്വേഷണം പുനരാരംഭിച്ചു.
ജി.എസ്.ടി കൊല്ലം ഇന്റലിജൻസ് യൂണിറ്റ് ആണ് ഈ നിർണായക അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ജി.എസ്.ടി വകുപ്പ് ഔദ്യോഗികമായി സമൻസ് അയച്ചിട്ടുണ്ട്.
കമ്പനിയുടെ ഡയറക്ടർമാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപുറമേ, ഗോകുലം ചിറ്റ് ഫണ്ട്സ്, ഹിന്ദുജ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കും ജി.എസ്.ടി വകുപ്പ് സമൻസ് അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഏകദേശം 56 കോടിയോളം രൂപയുടെ നികുതി അടയ്ക്കാത്തതുമായി ബന്ധപ്പെട്ടും, സംശയാസ്പദമായ രീതിയിൽ കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടതുമാണ് വകുപ്പിന്റെ അന്വേഷണ പരിധിയിലുള്ളത്. അതിനിടെ, ജി.എസ്.ടി ഈടാക്കുന്നത് തടയാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ വി. സുനിൽ കുമാറിനെയാണ് അപ്രധാന തസ്തികയിലേക്ക് മാറ്റി നിയമിച്ചത്.
സുനിൽ കുമാർ വാട്സാപ്പ് വഴി നൽകിയ പ്രത്യേക നിർദേശത്തെ തുടർന്നാണ് കമ്പനിക്കെതിരെയുള്ള തുടർനടപടികൾ എട്ട് മാസത്തോളം തടസ്സപ്പെട്ടത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും, ഉന്നതതല ഇടപെടലുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജി.എസ്.ടി എസ്.ഐ.ടി രണ്ട് മാസം മുമ്പ് സർക്കാരിന് ശുപാർശ നൽകിയിരുന്നു.
എന്നാൽ ഇതിൽ തുടർനടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. കൂടാതെ, മേൽനോട്ട
ചുമതലയിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയ കാസർകോട് യൂണിറ്റിലെ ഉദ്യോഗസ്ഥൻ സചിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

