മറ്റൊരാൾക്ക് ഫോൺ ഉപയോഗിക്കാൻ നൽകുമ്പോൾ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന ആശങ്ക ഒഴിവാക്കാൻ സഹായിക്കുന്നതാണ് ആൻഡ്രോയിഡിലെ സ്ക്രീൻ പിന്നിംഗ് (Screen Pinning) അഥവാ ആപ്പ് പിന്നിംഗ് ഫീച്ചർ. മറ്റുള്ളവർക്ക് ഒരു നിമിഷത്തേക്ക് ഫോട്ടോ കാണാനോ വീഡിയോ ആസ്വദിക്കാനോ അല്ലെങ്കിൽ ഒരു കോൾ ചെയ്യാനോ ഫോൺ നൽകുമ്പോൾ മറ്റ് ആപ്പുകളിലേക്ക് കടക്കാതിരിക്കാൻ ഈ സംവിധാനം ഏറെ ഉപകാരപ്രദമാണ്.
ഫോണിലെ സന്ദേശങ്ങളും ഇമെയിലുകളും ഫോട്ടോകളും മറ്റുള്ളവരുടെ കണ്ണിൽ പെടാതെ സൂക്ഷിക്കാൻ ആൻഡ്രോയിഡ് ഫോണുകളിലെ ഈ സെറ്റിംഗ്സ് ഏറെ സഹായിക്കും. ഒരു ആപ്പ് മാത്രം സ്ക്രീനിൽ ലോക്ക് ചെയ്തു വെക്കുന്നതാണ് ഈ ഫീച്ചർ ചെയ്യുന്നത്.
### എന്താണ് സ്ക്രീൻ പിന്നിംഗ്?
സ്ക്രീൻ പിന്നിംഗ് സജീവമാക്കുമ്പോൾ ഫോൺ ആ പ്രത്യേക ആപ്പിൽ മാത്രമായി പരിമിതപ്പെടുത്തപ്പെടുന്നു. ഉദാഹരണത്തിന് ഗാലറി പിൻ ചെയ്തു നൽകിയാൽ ഉപയോക്താക്കൾക്ക് ചിത്രങ്ങൾ കാണാം, എന്നാൽ ഹോം സ്ക്രീനിലേക്കോ മറ്റ് മെനുകളിലേക്കോ പോകാൻ സാധിക്കില്ല.
ഫോൺ അൺലോക്ക് ചെയ്യുന്നത് വരെ ആപ്പിൽ നിന്ന് പുറത്തു കടക്കാനും കഴിയില്ല. ഇതിനായി പുതിയ ആപ്പുകൾ ഒന്നും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്നതും പ്രത്യേകതയാണ്.
യൂട്യൂബിൽ ഒരു വീഡിയോ കാണാനോ ക്രോമിൽ പെട്ടെന്ന് ഒന്നു തെരച്ചിൽ നടത്താനോ മറ്റൊരാൾക്ക് ഫോൺ നൽകുമ്പോൾ ഈ ഫീച്ചർ ഉപയോഗിച്ച് ആപ്പ് മാത്രം ലോക്ക് ചെയ്ത് നൽകാം. ### ആൻഡ്രോയിഡ് ഫോണുകളിൽ സ്ക്രീൻ പിന്നിംഗ് സജീവമാക്കുന്ന വിധം
വിവിധ ആൻഡ്രോയിഡ് ബ്രാൻഡുകളിൽ സെറ്റിംഗ്സ് ക്രമീകരണങ്ങൾ വ്യത്യാസപ്പെടാമെങ്കിലും സാധാരണയായി Settings > Security > Screen pinning എന്ന ഭാഗത്താണ് ഇത് കാണാൻ കഴിയുക.
നിർമ്മാതാക്കളെയും ആൻഡ്രോയിഡ് പതിപ്പുകളെയും ആശ്രയിച്ച് ഇത് Security and privacy എന്ന വിഭാഗത്തിലും ഉണ്ടാകാം. കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ സെറ്റിംഗ്സ് ആപ്പിൽ “screen pinning” അല്ലെങ്കിൽ “app pinning” എന്ന് സെർച്ച് ചെയ്യാവുന്നതാണ്.
ഫീച്ചർ ഓണാക്കിയ ശേഷം ‘Ask for PIN before unpinning’ എന്ന ഓപ്ഷൻ കൂടി സജീവമാക്കാൻ ശ്രദ്ധിക്കുക. ഇത് ഒഴിവാക്കിയാൽ മറ്റുള്ളവർക്ക് പിൻ കോഡ് നൽകാൻ പോലും കഴിയാതെ ആപ്പിൽ നിന്ന് പുറത്തു കടക്കാൻ സാധിച്ചേക്കാം.
തുടർന്ന് റീസെന്റ് ആപ്പുകൾ ബട്ടൺ (Recent Apps) ടാപ്പ് ചെയ്ത് ആവശ്യമായ ആപ്പിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്ത് Pin തെരഞ്ഞെടുക്കാം. ഈ ഫീച്ചറിലൂടെ നോട്ടിഫിക്കേഷനുകൾ കാണാൻ സാധിക്കില്ല എന്നതും സുരക്ഷ വർദ്ധിപ്പിക്കുന്നു.
### പിൻ ചെയ്ത ആപ്പ് ഒഴിവാക്കുന്ന വിധം
ആപ്പ് അൺപിൻ ചെയ്യാൻ റിട്ടേൺ, റീസെന്റ് ആപ്പ് ബട്ടണുകൾ ഒരേ സമയം അമർത്തിപ്പിടിച്ചാൽ മതിയാകും. ലോക്ക് പിൻ ആവശ്യപ്പെടുന്ന ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ അൺപിൻ ചെയ്യാൻ പാസ്വേഡ് നൽകേണ്ടി വരും.
ജെസ്റ്റർ നാവിഗേഷൻ ഉള്ള ഫോണുകളിൽ സ്ക്രീനിന്റെ അടിഭാഗത്തുനിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് ഹോൾഡ് ചെയ്യുക. ### ശ്രദ്ധിക്കേണ്ട
പരിമിതികൾ
സ്ക്രീൻ പിന്നിംഗ് ഫീച്ചർ കൊണ്ട് ആപ്പിനുള്ളിലെ വിവരങ്ങൾ മറ്റുള്ളവർ കാണുന്നത് തടയാനാകില്ല. ക്രോം ആണ് പിൻ ചെയ്യുന്നതെങ്കിൽ ഉപയോക്താവിന് ടാബുകൾ കാണാനും ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കും.
മറ്റ് ആപ്പുകളിലേക്കുള്ള പ്രവേശനം തടയാൻ മാത്രമേ ഇത് സഹായിക്കൂ. ഫോണിന്റെ സാധാരണ സുരക്ഷാ സംവിധാനങ്ങൾക്ക് പകരമായല്ല, മറിച്ച് അധിക സുരക്ഷയായാണ് ഇത് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

