ജാർഖണ്ഡിലെ റാഞ്ചിയിൽ ഗോത്രവർഗ ആക്ടിവിസ്റ്റായ നിഷ കുമാരി ഭഗത് മരിച്ച നിലയിൽ കണ്ടെത്തി. ഹേമന്ത് സോറൻ സർക്കാരും ഭൂമി ഇടനിലക്കാരും ചേർന്ന് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് യുവതി ജീവനൊടുക്കിയത്.
മരണത്തിന് പത്ത് മിനിറ്റ് മുൻപ് ഫെയ്സ്ബുക്ക് ലൈവിലെത്തിയ നിഷ കുമാരി ഭഗത്, സർക്കാർ നടപടികൾക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മരണത്തിന് തൊട്ടുമുൻപ് പങ്കുവെച്ച വിഡിയോയിൽ നിഷ കുമാരി ഭഗത് പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ഇതു ഞാൻ നേരത്തെ മനസ്സിലാക്കണമായിരുന്നു. ആളുകൾ പറയും ഇവിടെ ബിജെപിയുണ്ട്, കോൺഗ്രസ് ഉണ്ട് എന്നെല്ലാം.
പക്ഷേ ഇവിടെ ആരുമില്ല. എന്റെ മാതാപിതാക്കൾ വളരെയധികം വേദനിച്ചു.
ജാർഖണ്ഡ് മൂവ്മെന്റിൽ വലിയ പങ്കു വഹിച്ചയാളാണ് എന്റെ പിതാവ്. ഭരണകൂടത്തോട് പോരാടാനും എന്റെ സുരക്ഷയെക്കുറിച്ച് സംസാരിക്കാനും ഞാൻ ഒരുപാട് ശ്രമിച്ചു.
ഇന്ന് ഹേമന്ത് സോറൻ സർക്കാർ സ്ത്രീകളെ അധിക്ഷേപിക്കുന്നതു കാരണം എനിക്ക് മരണം വരിക്കേണ്ടി വന്നിരിക്കുന്നു.” ഗുംല ജില്ലയിൽ നിന്നുള്ള നിഷ കുമാരി ഭഗത്, ഒറാവോൻ ഗോത്രവിഭാഗത്തിൽപ്പെട്ട വ്യക്തിയാണ്.
ഗോത്രവർഗക്കാരുടെ സ്വത്വം, ആചാരങ്ങൾ, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഇവർ. ജാർഖണ്ഡ് പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഹണ്ഡു ഭഗത്താണ് നിഷയുടെ പിതാവ്.
ആദിവാസി സംരക്ഷണത്തിനായി സിഎൻടി–എസ്പിടി, പെസ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് ഇവർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിഷ കുമാരി ഭഗത് നടത്തിയ ശ്രദ്ധേയമായ ചില ഇടപെടലുകൾ:
* മതപരിവർത്തനം തടയണമെന്നും, മതപരിവർത്തനം നടത്തുന്നവർക്ക് ആദിവാസി സംവരണം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് 2025-ൽ ഇവർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
* 2024-ൽ ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ചയുടെ സ്ഥാനാർത്ഥിയായി ഗുംലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
നിലവിൽ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

