ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് കക്കൂസ് മാലിന്യം കലർന്ന മലിനജലം ജലസ്രോതസ്സിലേക്ക് പമ്പ് ചെയ്ത് ഒഴുക്കിയ സംഭവത്തിൽ കർശന നടപടി. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട
ഉടമയ്ക്ക് 50,000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ ചട്ടലംഘനം പിടികൂടിയത്.
നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷന് സമീപമുള്ള ചൈതന്യ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് തള്ളുന്നതായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ക്വാഡ് അംഗങ്ങളും പഞ്ചായത്ത് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വിജയൻ മേപ്പുറത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന് സമീപത്തെ കുഴിയിൽ നിന്നും മോട്ടോർ ഉപയോഗിച്ച് കറുത്ത നിറത്തിലും രൂക്ഷമായ ദുർഗന്ധത്തോടും കൂടിയ മലിനജലം സമീപത്തെ തുറന്ന ഓടയിലേക്ക് പമ്പ് ചെയ്യുന്നത് നേരിട്ട് കണ്ടെത്തുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ തന്നെ ഇത് കക്കൂസ് മാലിന്യം കലർന്ന മലിനജലമാണെന്ന് വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിലെ ശുചിമുറികളിൽ നിന്നുള്ള വിസർജ്യങ്ങളും മലിനജലവുമാണ് യാതൊരുവിധ ശാസ്ത്രീയ സംസ്കരണവും നടത്താതെ പൊതുഇടങ്ങളിലേക്ക് ഒഴുക്കിവിട്ടത്.
ഇത്തരം പ്രവൃത്തികൾ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും സാംക്രമിക രോഗങ്ങൾക്കും വഴിവെക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വേഗത്തിൽ നടപടി സ്വീകരിച്ചത്. നിയമപ്രകാരം അംഗീകൃത സെപ്റ്റേജ് ടാങ്കറുകൾ ഉപയോഗിച്ച് സുരക്ഷിതമായ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ട
മാലിന്യമാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തുറന്ന ഓടയിലേക്ക് തള്ളിയത്. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യക്തമാക്കി.
ഇതിന്റെ തുടർച്ചയായി കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ ഈടാക്കുന്നതിനോടൊപ്പം കർശന നിയമനടപടികൾ സ്വീകരിക്കാൻ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്ക്വാഡ് ഔദ്യോഗികമായി ശുപാർശ നൽകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

