തിരുവേഗപ്പുറ മൂതിക്കയം ലിഫ്റ്റ് ഇറിഗേഷന് പദ്ധതിയുടെ ഭാഗമായി തൂതപ്പുഴയുടെ ആഴം കൂട്ടാനുള്ള നീക്കത്തിൽ ദുരൂഹതയും ആശങ്കയും പ്രകടിപ്പിച്ച് പ്രദേശവാസികൾ രംഗത്ത്. തിരുവേഗപ്പുറ, ഇരിമ്പിളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുങ്ങോട്ടൂർ മൂതിക്കയം കടവിൽ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മൂതിക്കയം റഗുലേറ്റർ കം ബ്രിജിനു സമീപത്താണ് പുഴ ആഴം കൂട്ടാൻ അധികൃതർ പദ്ധതിയിടുന്നത്.
റഗുലേറ്ററിന് താഴെ പുഴയുടെ ആഴം വർദ്ധിപ്പിച്ചാൽ, പുഴ കര കവിഞ്ഞൊഴുകുന്ന വേളയിൽ വെങ്ങാട് കുന്നിൻ ചെരുവിലെ വാസസ്ഥലങ്ങളും റോഡുകളും കനാലും താഴെയുള്ള കയത്തിലേക്ക് ഇടിഞ്ഞു താഴാൻ ഇടയാക്കുമെന്നാണ് ജനങ്ങളുടെ പ്രധാന ആശങ്ക. അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച കനാൽ പദ്ധതി 2012-ലാണ് പുനഃരാരംഭിച്ചത്.
ഇതിലേക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിനായി 2020-ൽ നിർമ്മാണം ആരംഭിച്ച മൂതിക്കയം റഗുലേറ്റർ കം ബ്രിജിന്റെ ജലസംഭരണി കനാൽ പമ്പ് ഹൗസിൽ നിന്ന് 120 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പമ്പ് ഹൗസിലേക്ക് പൈപ്പുകൾ എത്തിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.
എന്നാൽ പാലം നിർമ്മാണ വേളയിൽ മണ്ണും മണലും കയത്തിൽ തള്ളിയെന്ന പ്രചാരണം നടത്തി പാലത്തിന് താഴെ പുഴ ആഴം കൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. പാലം നിർമ്മാണത്തിലുണ്ടായ സാങ്കേതിക അപാകതകൾ മൂടിവെക്കാനാണ് ഈ നീക്കമെന്നാണ് ശക്തമായ ആരോപണം.
നിർമ്മാണ സമയത്ത് നീക്കം ചെയ്ത മണ്ണും മണലും 2024-ൽ തന്നെ കരാറുകാർ പൂർണ്ണമായി മാറ്റിയതാണെന്ന് ഔദ്യോഗിക രേഖകളിൽ വ്യക്തമാണ്. ഈ പശ്ചാത്തലത്തിൽ, അപകടങ്ങൾക്ക് ഇടയാക്കുന്ന രീതിയിൽ പുഴയുടെ ആഴം കൂട്ടുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ട
അധികാരികൾ പിന്മാറണമെന്നും, പമ്പ് ഹൗസിലേക്ക് ആവശ്യമായ പൈപ്പുകൾ എത്തിക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ കളക്ടർ എന്നിവർക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

