ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 37.700 കിലോ കഞ്ചാവാണ് റെയിൽവേ സംരക്ഷണ സേന (RPF) കണ്ടെടുത്തത്.
വ്യാഴാഴ്ച വിവേക് എക്സ്പ്രസ് ആലുവയിൽ എത്തിയ വേളയിൽ നടത്തിയ തിരച്ചിലിലാണ് ജനറൽ കോച്ചിൽ ആരും അവകാശപ്പെടാനില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. നാല് ചാക്കുകളിലായി ശർക്കരയുടെ മറവിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ ഉണ്ടായിരുന്നത്.
പരിശോധനയിൽ ശർക്കരയാണെന്ന് തോന്നിപ്പിക്കുന്ന പാക്കറ്റുകൾക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയതോടെ അധികൃതർ അത് പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വിപണിയിൽ ഏകദേശം 19 ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തുടർനടപടികൾക്കായി കേസ് ആലുവ എക്സൈസ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ അറിയിച്ചു. മുഹമ്മദ് ഹനീഫ് നൽകിയ നിർദ്ദേശപ്രകാരം, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് തിരുവനന്തപുരം ഇൻസ്പെക്ടർ ജിപിൻ എ.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾക്ക് ചുക്കാൻ പിടിച്ചത്.
എഎസ്ഐമാരായ സിജോ സേവ്യർ, വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ, കോൺസ്റ്റബിൾ നിഖിൽ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

