അറസ്റ്റ് നടപടികളിലെ 24 മണിക്കൂർ സമയപരിധി സംബന്ധിച്ച് നിർണായകമായ നിരീക്ഷണവുമായി സുപ്രീംകോടതി. ഒരാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട
24 മണിക്കൂർ കാലാവധി കണക്കാക്കേണ്ടത് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത (ഡിറ്റൻഷൻ) സമയം മുതൽ തന്നെയാണെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തുന്നത് മനഃപൂർവം വൈകിപ്പിച്ച് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ മറികടക്കാൻ പൊലീസിന് സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ത്രിപുരയിൽ എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ നാല് പ്രതികളുടെ ഹർജി പരിഗണിക്കവെയാണ് ഈ സുപ്രധാന വിധി. 2025 സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് 2 മണിക്ക് കസ്റ്റഡിയിൽ എടുക്കുകയും, പിന്നീട് സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
‘അറസ്റ്റ്’, ‘കസ്റ്റഡിയിൽ എടുക്കൽ’ എന്നിവയെ രണ്ടായി വേർതിരിച്ചു കാണാൻ കഴിയില്ലെന്നും, ഭരണഘടനയുടെ 22(2) അനുച്ഛേദം അനുസരിച്ച് ഇവ രണ്ടും ഒന്നുതന്നെയാണെന്നും കോടതി അടിവരയിട്ടു. ഒരാളുടെ മൗലികാവകാശങ്ങൾ താൽക്കാലികമായി റദ്ദാക്കാൻ പൊലീസിന് അധികാരമില്ല.
കസ്റ്റഡിയിലെടുത്ത സ്ഥലം മുതൽ മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് 24 മണിക്കൂറിൽ നിന്ന് ഒഴിവാക്കാൻ ഭരണഘടന അനുവദിക്കുന്നത്. അന്വേഷണത്തിനോ ചോദ്യം ചെയ്യലിനോ വേണ്ടി എടുക്കുന്ന സമയം ഈ പരിധിയിൽ നിന്ന് ഒഴിവാക്കാൻ പാടില്ല.
ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയില്ലെങ്കിൽ, ആ വ്യക്തിയെ ഉടൻ തന്നെ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയെ ഹാജരാക്കുമ്പോൾ പൊലീസ് എപ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്ന് കൃത്യമായി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം.
24 മണിക്കൂർ നിയമം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മജിസ്ട്രേറ്റുമാർക്ക് ബാധ്യതയുണ്ടെന്നും, ലംഘനം കണ്ടെത്തിയാൽ പ്രതിയെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിടണമെന്നും കോടതി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

