സംസ്ഥാന പൊലീസ് സേനയിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. സേനയുടെ മൊത്തം അംഗബലത്തിൽ 30 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് സർക്കാർ നീക്കം.
നിലവിൽ സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ 10 ശതമാനം മാത്രമാണ് വനിതകളുടെ സാന്നിധ്യം. സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.
ചന്ദ്രശേഖർ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വനിതാ പൊലീസ് പ്രാതിനിധ്യം 33 ശതമാനമായി ഉയർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും പുരുഷ–വനിതാ കോൺസ്റ്റബിൾ നിയമന അനുപാതത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി അഞ്ച് ശതമാനം എന്ന തോതിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനാണ് പദ്ധതി.
നിലവിൽ ഐപിഎസ് തലത്തിൽ മികച്ച വനിതാ പ്രാതിനിധ്യമുണ്ടെങ്കിലും, സിവിൽ പൊലീസ് ഓഫിസർ തലത്തിൽ ഇത് കുറവാണെന്ന വസ്തുത കണക്കിലെടുത്താണ് നടപടി. അധിക തസ്തികകൾ സൃഷ്ടിക്കാതെ, നിലവിലുള്ള സീനിയോറിറ്റി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുതന്നെയാകും ഈ മാറ്റങ്ങൾ നടപ്പിലാക്കുക.
വനിതകളുടെ എണ്ണം വർധിപ്പിക്കുന്നത് സേനയുടെ പ്രവർത്തനക്ഷമതയിലും ദൈനംദിന ചുമതലകളിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സർക്കാർ പ്രത്യേക പഠനം നടത്തുന്നുണ്ട്. കൂടാതെ, നിലവിലുള്ള പരിശീലന സൗകര്യങ്ങളുടെ പര്യാപ്തതയും പരിശോധിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയിലെ 10 സംസ്ഥാനങ്ങൾ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം 33 ശതമാനമാക്കി ഉയർത്തിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

