തെക്ക് കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫിലിപ്പീൻസിലെ മനിലയിലേക്ക് യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം ഇരു നേതാക്കളും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയ്ക്കാണ് കളമൊരുങ്ങുന്നത്.
ട്രംപ് മനിലയിൽ എത്തുകയാണെങ്കിൽ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. അടുത്ത ആഴ്ചയാണ് പ്രധാനമന്ത്രിയുടെ മനില സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ ശുഭാപ്തിവിശ്വാസം നൽകുന്നതാണെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. വീസ, താരിഫ് തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇന്ത്യൻ നിലപാടിന് അനുകൂലമായ അംഗീകാരം നേടാനും, വ്യാപാര കരാറുകളിലെ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് എത്തിക്കാനും ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷ വിഷയത്തിൽ ട്രംപിന്റെ തുടർനീക്കങ്ങൾ എന്തായിരിക്കുമെന്നതിൽ ഇന്ത്യ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിയിക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഭരണപരമായ ആഭ്യന്തര വിഷയങ്ങളിൽ കോൺഗ്രസിന്റെ പിന്തുണ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, വിദേശ വ്യാപാര കരാറുകളിലേക്ക് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി, അമേരിക്കൻ കാർഷിക-വ്യവസായ മേഖലകൾക്കായി ഇന്ത്യൻ വിപണി കൂടുതൽ തുറന്നുകൊടുക്കുന്ന തരത്തിലുള്ള കരാറുകളിൽ ഒപ്പുവെക്കാൻ എക്സിക്യൂട്ടീവ് അധികാരങ്ങൾ അദ്ദേഹം പ്രയോഗിച്ചേക്കും.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവുകൾ നൽകണമെന്ന് യുഎസ് ആവശ്യപ്പെടുമ്പോഴും, സ്വന്തം സാമ്പത്തിക സുരക്ഷയും കർഷകരുടെയും പ്രാദേശിക വ്യവസായങ്ങളുടെയും താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള തികച്ചും പരസ്പരപൂരകമായ കരാറിനാണ് ഇന്ത്യ ഊന്നൽ നൽകുന്നത്. അതേസമയം, യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ ട്രംപിന് വെല്ലുവിളിയാകുമെന്നും, ചില ഡെമോക്രാറ്റിക് അംഗങ്ങൾ ഇന്ത്യയ്ക്കകത്തെ വിഷയങ്ങളിൽ നിലപാട് കടിപ്പിച്ചേക്കാമെന്നും വിലയിരുത്തലുകൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

