ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് അപകടം. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിൽ ബുധനാഴ്ച രാവിലെ പത്തിനുശേഷം ആണ് സംഭവം ഉണ്ടായത്.
കമ്പ്യൂട്ടറിന് മുകളിലേക്ക് ഉൾപ്പെടെ കോൺക്രീറ്റ് പാളികൾ പതിച്ചെങ്കിലും ജീവനക്കാർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ചോർന്ന് കോൺക്രീറ്റ് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെത്തുടർന്ന് ജീവനക്കാരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഈ ഓഫീസിൽ സമാനമായ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്.
അന്ന് ജീവനക്കാർ എത്തുന്നതിന് തൊട്ടുമുമ്പായതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. എന്നാൽ ആ സംഭവത്തിൽ കമ്പ്യൂട്ടറുകൾക്കും നിരവധി പ്രധാന ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
തുടർച്ചയായ ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് ജീവനക്കാർക്കിടയിൽ ശക്തമായ പരാതിയുണ്ട്. ദിവസവും നൂറുകണക്കിന് പൊതുജനങ്ങൾ എത്തിച്ചേരുന്ന ഈ ഓഫീസിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് മാറ്റിസ്ഥാപിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.
അതേസമയം, പുതിയ കെട്ടിടത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പി പ്രസാദ് എംഎൽഎ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച പദ്ധതിയുടെ ഡിസൈനിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നതിനാലാണ് നിർമാണ പ്രവർത്തനങ്ങൾ വൈകിയത്.
ഇത് പൂർത്തിയായാൽ ഉടൻ തന്നെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും നിർമാണത്തിന് ഫണ്ട് തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നൂറുവർഷത്തിലധികം പഴക്കമുള്ള പൈതൃക നിർമിതികൾ സംരക്ഷിക്കണമെന്ന ഉത്തരവുള്ളതിനാൽ പഴയ കെട്ടിടം നിലനിർത്തണോ അതോ പൊളിച്ചുനീക്കണോ എന്ന കാര്യത്തിൽ ആർക്കിടെക്റ്റിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ.
എന്നാൽ പിഡബ്ല്യുഡി ആർക്കിടെക്റ്റ് ഇതുവരെയും സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

