ചെർപ്പുളശ്ശേരി: ശാരീരികപരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട് ജീവിതത്തിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിക്കുകയാണ് കയിലിയാട് കുറുവട്ടൂർ മദ്രസയ്ക്ക് സമീപം മുളയ്ക്കൽ വീട്ടിൽ അബ്ദുൽ ജലീൽ (46). കുറുവട്ടൂർ ഹയാത്തുദ്ദീൻ മദ്രസ കെട്ടിടത്തിൽ കഴിഞ്ഞ 3 പതിറ്റാണ്ടായി സൈക്കിൾ റിപ്പയർ സ്ഥാപനം നടത്തിവരികയാണ് ഇദ്ദേഹം.
സൈക്കിളുകൾക്ക് പുറമെ ഇരുചക്രവാഹനങ്ങളും ഇവിടെ കേടുപാടുകൾ തീർത്തു നൽകുന്നുണ്ട്. ചളവറ, വല്ലപ്പുഴ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൈക്കിളുകളോ മോട്ടർസൈക്കിളുകളോ കേടായ വിവരം അറിയിച്ച് ആര് വിളിച്ചാലും അബ്ദുൽ ജലീൽ തന്റെ മുച്ചക്ര സ്കൂട്ടറുമായി ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തും.
കഴിഞ്ഞ 30 വർഷമായി ഈ രംഗത്ത് സജീവമായുള്ള ഇദ്ദേഹത്തെ പ്രദേശവാസികൾക്കെല്ലാം സുപരിചിതമാണ്. സാധാരണ സൈക്കിൾ മുതൽ ബുളേറ്റ് വരെയുള്ള വാഹനങ്ങളുടെ തകരാറുകൾ വളരെ വിദഗ്ധമായി ഇദ്ദേഹം പരിഹരിച്ചു നൽകുന്നുണ്ട്.
ജനനത്തിന് ശേഷം ആറാം മാസത്തിൽ ബാധിച്ച പോളിയോ രോഗത്തെ തുടർന്ന് അബ്ദുൽ ജലീൽന്റെ രണ്ട് കാലുകളുടെയും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് സഹോദരിയുടെ സഹായത്തോടെയായിരുന്നു സ്കൂൾ കാലത്തെ യാത്രകൾ.
ഒമ്പതാം ക്ലാസിൽ എത്തിയപ്പോഴേക്കും മുച്ചക്ര സൈക്കിളിലായി യാത്രകൾ സ്വയം മാറുകയായിരുന്നു. ഈ യാത്രയ്ക്കിടയിൽ സൈക്കിളിന് എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ അവ സ്വയം നന്നാക്കാൻ ജലീൽ ചെറുപ്പത്തിലേ പരിശീലിച്ചിരുന്നു.
ഈ മുൻപരിചയവും അനുഭവ സമ്പത്തുമാണ് സ്കൂൾ പഠനത്തിന് ശേഷം ഈ തൊഴിൽ തന്നെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. സമീപകാലത്തായി മിക്സി, ഗ്രൈൻഡർ, ഫാൻ തുടങ്ങിയ ഗാർഹികോപകരണങ്ങളും ഇദ്ദേഹം നന്നാക്കാറുണ്ട്.
ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ സാധിച്ചുവെന്നും ഇത് മുന്നോട്ടുള്ള ജീവിതയാത്രയിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അബ്ദുൽ ജലീൽ വ്യക്തമാക്കി. ലൈലയാണ് ഭാര്യ.
ജുമൈല, ജുനൈസ്, ജസീൽ എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

