തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാളിനോടനുബന്ധിച്ചുണ്ടാകുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ പാർക്കിങ് സൗകര്യങ്ങളും പള്ളിക്ക് സമീപമുള്ള വീടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ, യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെഎസ്ആർടിസി 25 പ്രത്യേക സർവീസുകൾ നടത്താനും തിരുനാൾ അവലോകന യോഗത്തിൽ തീരുമാനമായി. നവംബർ 12 മുതൽ 22 വരെയാണ് ഈ വർഷത്തെ തിരുനാൾ മഹോത്സവം നടക്കുന്നത്.
തലസ്ഥാന നഗരത്തിലും തീരദേശ മേഖലകളിലും ലഹരിവസ്തുക്കൾക്കെതിരെയുള്ള പരിശോധനകൾ കർശനമാക്കാൻ മന്ത്രി സി.പി.ജോൺ കർശന നിർദേശം നൽകി. നിരോധിത പാൻമസാലകളുടെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗവും വ്യാപാരവും പൂർണ്ണമായി അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ ടീമുകളെയും സ്ട്രൈക്കിങ് ഫോഴ്സിനെയും രംഗത്തിറക്കാനാണ് തീരുമാനം.
ഇതിനുപുറമെ, പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റുകൾ ലഭിച്ചവരുടെ പഴയ വീടുകൾ പൊളിച്ചുനീക്കുന്ന നടപടികൾ വേഗത്തിലാക്കാൻ ഫിഷറീസ് വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. തിരുനാൾ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ഭക്ഷണശാലകളിലും സ്റ്റാളുകളിലും പരിശോധന നടത്തുന്നതിനായി മൊബൈൽ ടെസ്റ്റിങ് ലാബുകൾ സജ്ജീകരിക്കും.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി രാത്രി 11 മണിക്ക് ശേഷം ബീച്ചിലേക്കും പരിസര പ്രദേശങ്ങളിലേക്കും ആളുകൾ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. അവലോകന യോഗത്തിൽ ജില്ലാ കലക്ടർ കെ.എസ്.അഞ്ജു, സബ് കലക്ടർ സ്വാതി മോഹൻ റാത്തോഡ്, കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ, ശംഖുമുഖം എസിപി സജിമോൻ, ഇടവക വികാരി ഫാ.
ഷാജു വില്യം, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ക്രിസ്തുദാസ്, സെക്രട്ടറി തോമസ് മാർഷൽ, ജനറൽ ക്യാപ്റ്റൻ ജയ്സൺ ആന്റണി, കോഓർഡിനേറ്റർ അനിൽ ഹിലാരി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

