തിരുവനന്തപുരം ∙ അഴിമതിക്കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ സംസ്ഥാനത്ത് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകി. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ എംസി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാർ കോടികളുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി വിജിലൻസിന് അനുമതി നൽകിയത്.
തുടർന്ന് ഗ്യാനേഷിനെ ചോദ്യം ചെയ്യും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട
പരാതികളിൽ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് അദ്ദേഹത്തിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്യുന്നത്. വികസനത്തിന്റെ കരാർ ഏറ്റെടുത്തിരുന്ന പതി–ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന മലേഷ്യൻ എൻജിനീയർ ലീ സീ ബീൻ 2006ൽ ജീവനൊടുക്കിയതിൽ ഗ്യാനേഷിനെതിരെ ഗുരുതര ആരോപണമുയർന്നിരുന്നു.
ലീ സീ ബീനിനോട് അന്നു പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് 2 കോടി രൂപ ആവശ്യപ്പെട്ടെന്ന് നിർമാണക്കമ്പനിക്കു മെറ്റീരിയൽ വിതരണം ചെയ്തിരുന്ന ചടയമംഗലം സ്വദേശി വി.ഒ.സാജൻ അടുത്തയിടെ വിജിലൻസിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ വിജിലൻസ് കേസെടുക്കാൻ ആഭ്യന്തരവകുപ്പിന്റെ അനുമതി തേടുകയായിരുന്നു.
ഇക്കാര്യത്തിൽ നിയമോപദേശം തേടിയശേഷമാണ് സർക്കാരിന്റെ തുടർനടപടി. നിയമോപദേശം അനുകൂലം 2006ൽ നടന്ന സംഭവത്തിൽ ഇപ്പോൾ കേസെടുക്കാനാകുമെന്നും മരിച്ചവർ ജീവിച്ചിരുന്ന കാലത്ത് പറഞ്ഞ കാര്യങ്ങൾ പ്രാഥമിക തെളിവായി കോടതിയിൽ സമർപ്പിക്കാനാകുമെന്നും അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (വിജിലൻസ്) ജി.ശശീന്ദ്രൻ നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബില്ലുകൾ പാസാക്കാതെ ഗ്യാനേഷ് ബുദ്ധിമുട്ടിച്ചിരുന്നെന്നും അതിന്റെ മാനസിക സമ്മർദത്തിലാണ് ലീ ആത്മഹത്യ ചെയ്തതെന്നും സാജൻ വിജിലൻസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മലേഷ്യയിലാണ് ലീ സീ ബീൻ ആത്മഹത്യ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

