ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗൽ അണ്ടർ 17 ദേശീയ ഫുട്ബോൾ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 വിഭാഗങ്ങൾക്കായി താരം പന്തുതട്ടിയിട്ടുണ്ട്.
2025 മേയ് മാസത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഈ രണ്ട് വിഭാഗങ്ങളിലുമായി ആകെ 13 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും അഞ്ച് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ യൂത്ത് ടീമിനായാണ് യുവതാരം കളിക്കുന്നത്.
യൂറോപ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ നവംബർ 11ന് അൻഡോറയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. തുടർന്ന് നവംബർ 14ന് ബൾഗേറിയയെയും നവംബർ 17ന് സെർബിയയെയും ടീം നേരിടും.
ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കും. മകന്റെ ഫുട്ബോൾ കരിയറിനെക്കുറിച്ച് ഇതിനുമുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
മികച്ചൊരു കളിക്കാരനാകാൻ കഴിവിനൊപ്പം കഠിനാധ്വാനവും അർപ്പണബോധവും അത്യന്താപേക്ഷിതമാണെന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. മകന്റെ ചില ശീലങ്ങളിലുള്ള അതൃപ്തിയും റൊണാൾഡോ അന്ന് പങ്കുവെച്ചിരുന്നു.
“അവൻ ഒരു മികച്ച കളിക്കാരനാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും നിലവില്‍ അവൻ ആ നിലയിലേക്ക് എത്തിയിട്ടില്ലെന്നുമായിരുന്നു റോണാള്‍ഡോ അഭിമുഖത്തില്ർ പറഞ്ഞത്. “അവന് വേഗതയുണ്ട്, മികച്ച രീതിയിൽ ഡ്രിബിൾ ചെയ്യാനും കഴിയും.
പക്ഷേ അതുമാത്രം പോരാ. കഠിനാധ്വാനവും ആവശ്യമാണ്.
ഫുട്ബോൾ താരമാകാൻ ഞാൻ അവനെ നിർബന്ധിക്കില്ല. എന്തായാലും മികച്ച നിലയിലെത്തണമെന്നാണ് എന്റെ ആഗ്രഹം,” റൊണാൾഡോ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

