ആലപ്പുഴ ജില്ലയിലെ ദേശീയപാത സർവീസ് റോഡുകളിലൂടെയുള്ള യാത്ര സാധാരണക്കാർക്ക് കടുത്ത ദുരിതമായി മാറുന്നു. ബസുകൾ നിർത്തിയിടുമ്പോഴും എതിർദിശയിൽ നിന്ന് വാഹനങ്ങൾ എത്തുമ്പോഴും സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്ക് പതിവാണ്.
നിയമപ്രകാരം 7 മീറ്റർ ആണ് ഒരു സർവീസ് റോഡിനു വേണ്ട വീതി.
ഇതിൽ 1.5 മീറ്റർ വീതിയിൽ കാനയും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകണമെന്നാണ് ചട്ടം. എന്നാൽ മിക്ക ഇടങ്ങളിലും കാനയുടെ മുകളിലൂടെ തന്നെയാണ് നടപ്പാത നിർമിച്ചിരിക്കുന്നത്.
ഈ നടപ്പാതയിൽ തന്നെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, സർവീസ് റോഡിലൂടെ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതും. ജില്ലയിൽ പലയിടത്തും ഏഴര മീറ്റർ വീതി സർവീസ് റോഡുകൾക്ക് ഉറപ്പാക്കാനായിട്ടില്ല.
ആവശ്യമായ വീതിയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത സർവീസ് റോഡിലൂടെ എങ്ങനെ ഗതാഗതം സാധ്യമാകും എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. 60 മീറ്റർ വീതിയിൽ നിർമിക്കേണ്ട
ദേശീയപാത 45 മീറ്ററായി ചുരുക്കിയതാണ് സർവീസ് റോഡുകളുടെ നിർമാണത്തെ ഉൾപ്പെടെ ഗുരുതരമായി ബാധിച്ചത്. വീതി കുറച്ചതു മൂലം പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു.
സർവീസ് റോഡിന്റെ വീതി കുറഞ്ഞതോടെ ബസ് ബേകൾക്കു സൗകര്യം ഒരുക്കാനായില്ല. നിലവിലുള്ള സർവീസ് റോഡിൽ ബസ് സ്റ്റോപ്പുകൾ കൂടി വരുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇപ്പോൾ തന്നെ ഏതെങ്കിലും ബസ് സർവീസ് റോഡിൽ നിർത്തുമ്പോൾ വീതി കുറഞ്ഞ ഇടങ്ങളിൽ ഒരു വാഹനത്തിനും മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഉയരപ്പാതകളും ഫ്ലൈ ഓവറുകളും വരുന്ന ഭാഗങ്ങളിൽ നിർമാണം പൂർത്തിയാകാത്തതിനാൽ നിലവിൽ വാഹനങ്ങൾക്കു സർവീസ് റോഡുകളിലൂടെ സഞ്ചരിച്ചേ മതിയാകൂ.
മൂന്ന് വരിപ്പാതയിൽ വന്നിരുന്ന വാഹനങ്ങൾ മുഴുവൻ ഒരു വരിപ്പാതയായ സർവീസ് റോഡിലേക്കാണ് കയറുന്നത്. ഇത്രയും വാഹനങ്ങൾക്ക് ഒരുമിച്ചു പോകാനാവശ്യമായ നിലവാരമോ വീതിയോ ഈ സർവീസ് റോഡുകൾക്കില്ല.
ഈ ഭാഗങ്ങളെല്ലാം ജംക്ഷനുകളും മറ്റു റോഡുകളിലേക്കുള്ള വഴികളുമായതിനാൽ തിരക്കും നിയന്ത്രണാതീതമാകുന്നു. ഇതിനു പുറമേ പല ഇടങ്ങളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
സർവീസ് റോഡിന്റെ പ്രവൃത്തി ആദ്യമേ പൂർത്തിയാക്കുന്നതിനു പകരം പ്രധാന റോഡിന്റെ നിർമാണം അതിവേഗം പൂർത്തിയാക്കാനുള്ള ശ്രമമാണു നിലവിൽ നടക്കുന്നത്. ദേശീയപാതയുടെ സർവീസ് റോഡുകളിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടെന്ന് നാറ്റ്പാക് മുൻപ് കണ്ടെത്തിയിരുന്നു.
ഡ്രൈവർമാരുടെ കാഴ്ച പൂർണമായും മറയ്ക്കുന്ന രീതിയിലാണ് അടിപ്പാതകളുടെ ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്. അടിപ്പാതകളിൽ നിന്നു സർവീസ് റോഡിലേക്കു കയറുന്ന വാഹനങ്ങൾ മറ്റു ഡ്രൈവർമാർക്കു പെട്ടെന്നു കാണാൻ കഴിയുന്നില്ല.
അടിപ്പാതയിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കും സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കും ദൂരെ നിന്നു വാഹനങ്ങൾ കാണാൻ കഴിയണം. എന്നാൽ ഇതിനാവശ്യമായ ചരിവ് അടിപ്പാതകളിൽ ഇല്ലാത്തത് വലിയ അപകട
ഭീഷണി ഉയർത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

