ചങ്ങനാശേരി നഗരത്തിലും പൊലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ ഗുണ്ടാ സംഘം പിടിയിൽ. കോട്ടയം ജില്ലയിലെ കുപ്രസിദ്ധരായ ക്രിമിനൽ കേസുകളിലെ പ്രതികൾ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ ജുബിൻ എന്ന അഭിഭാഷകൻ എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെ ബാറിൽ സംഘർഷം ഉണ്ടാക്കിയ ഇവർ, തുടർന്ന് മുനിസിപ്പൽ ആർക്കേഡിലെത്തി മൊബൈൽ ഷോപ്പ് ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. കടയിലെ സാധനങ്ങളും ഫോണുകളും പൂർണ്ണമായി അടിച്ചുതകർക്കുകയും ചെയ്തു.
പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐ അജിത് കുമാർ, സിപിഒ റിജോമോൻ എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി സാഹസികമായാണ് പ്രതികളെ കീഴടക്കി സ്റ്റേഷനിൽ എത്തിച്ചത്.
എന്നാൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴും പ്രതികൾ അക്രമം ആവർത്തിക്കുകയും ഒരു രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഫർണിച്ചറുകളും ഉപകരണങ്ങളും അടിച്ചുതകർത്ത ഇവർ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ റെയ്നോൾഡ്, സിപിഒ ദിലീപ് ചെല്ലം എന്നിവരെയും ആക്രമിച്ചു പരുക്കേൽപ്പിച്ചു.
ഒരു മാസം മുൻപ് ഇതേ മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാർക്ക് നേരെ പ്രതികൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയായിരുന്നു.
കോട്ടയം ജില്ലയിലും സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 30-ലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ സാജു ജോജോ, മിഥുൻ തോമസ് എന്നിവർ കാപ്പ നിയമപ്രകാരം പലതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ചങ്ങനാശേരി ഡിവൈഎസ്പി അഷാദ്, സിഐ അനിൽ ജോർജ്, എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐ ആശ, എഎസ്ഐ സെയ്നി സെബാസ്റ്റ്യൻ, എസിപിഒ അനീഷ്, സിപിഒ സതീഷ്, സിപിഒ പ്രവീൺ, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

