കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായക നടപടി. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപിക്കപ്പെടുന്ന ‘കാർട്ടൺ ഇന്ത്യ’ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാറുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട
ഔദ്യോഗിക ഫയലുകളാണ് വിജിലൻസ് സംഘം കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും 12 കോടി രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട
അഞ്ച് പ്രധാന ഫയലുകളാണ് പിടിച്ചെടുത്തത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ ‘കാർട്ടൺ ഇന്ത്യാ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന് 12 കോടിയിലധികം രൂപയുടെ കരാറുകൾ ലഭിച്ചതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ ഈ നീക്കം.
മോഡുലാർ ടോയ്ലറ്റ് നിർമാണം, എ ബി സി കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുള്ളത്.
ഈ ഫയലുകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പൊതുമേഖലാ സ്ഥാപനമായ സിൽക്ക് (SILK) മുഖേനയാണ് കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ ലഭ്യമായിട്ടുള്ളത്.
അതിനാൽ തന്നെ അന്വേഷണം സിൽക്കിലേക്കും വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. വിജിലൻസ് ഉത്തരമേഖലാ എസ് പിക്കാണ് ഈ അന്വേഷണത്തിന്റെ ചുമതലയുള്ളത്.
പി പി ദിവ്യയുടെ ബിനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്നും, മാനദണ്ഡങ്ങൾ പാലിക്കാതെ ഈ സ്ഥാപനത്തിന് കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും കാട്ടി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. അതേസമയം, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ ഇ-ടെണ്ടർ വഴിയാണ് നേടിയതെന്നും ബിനാമി കമ്പനിയെന്ന ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നുമാണ് കാർട്ടൺ ഇന്ത്യാ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

