കർണാടകം കേന്ദ്രീകരിച്ച് കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുണ്ടായ വ്യാജ ഒളിക്യാമറ ഓപ്പറേഷൻ കേസിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഡൽഹിയിൽനിന്ന് വാങ്ങിയ മൊബൈൽ ഫോണ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സമൂഹ മാധ്യമ ടീമിലെ അംഗത്തിന്റെ നിർദേശപ്രകാരമാണ് ഫോൺ വാങ്ങിയതെന്ന് ഡൽഹിയിൽനിന്ന് അറസ്റ്റിലായ റിതേഷ് പാണ്ഡെ വെളിപ്പെടുത്തി.
താനും വിനോദ് ശർമയും ചേർന്ന് കരോൾ ബാഗിലെ ഒരു കടയിൽ നിന്നാണ് വിഡിയോ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ വാങ്ങിയതെന്നും പ്രജ്വൽ പ്രസാദ് ആണ് ഇത് വാങ്ങാൻ ആവശ്യപ്പെട്ടതെന്നും റിതേഷ് പൊലീസിനോട് വ്യക്തമാക്കി. ഫോൺ വാങ്ങിയ ശേഷം ഇരുവരും ചേർന്ന് ഡൽഹി കുശക് റോഡിലുള്ള കുമാരസ്വാമിയുടെ വസതിയിലെത്തി പ്രജ്വലിന് ഫോൺ കൈമാറിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
റിതേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. സംഭവത്തിൽ പ്രജ്വലിനെയും ശർമയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിയുടെ മൊഴി പൂർണ്ണമായും സ്ഥിരീകരിക്കുന്നതിനായി പ്രജ്വലും റിതേഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചു വരുന്നുണ്ട്. ഒളിക്യാമറ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന യഥാർഥ മൊബൈൽ ഫോൺ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.
ഇത് വിദഗ്ധ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. വിപിഎൻ, വ്യാജ ഐപി വിലാസങ്ങൾ, സ്പൂഫ് ചെയ്ത ഫോൺ നമ്പറുകൾ എന്നിവ ദുരുപയോഗം ചെയ്ത് വിവിധ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് വിവാദ വിഡിയോ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിഡിയോയിലെ ലൈംഗിക പീഡന ആരോപണങ്ങൾ മനഃപൂർവം കെട്ടിച്ചമച്ചതും ഗൂഢലക്ഷ്യത്തോടെ സൃഷ്ടിച്ചതുമാണെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2011-ൽ നടന്നതായി പറയപ്പെടുന്ന സംഭവമാണ് വിഡിയോയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.
വിഡിയോയിലുള്ള വ്യക്തികളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതായും ഇതുവരെ ലഭിച്ച തെളിവുകൾ പ്രകാരം ആരോപണങ്ങളിൽ യാതൊരുവിധ കഴമ്പില്ലെന്നുമാണ് പൊലീസ് അറിയിക്കുന്നത്. വിവാദ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ സംപ്രേഷണവും പ്രചാരണവും തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കോടതിയെ സമീപിച്ച് വിലക്ക് നേടുകയും പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.
പുത്തൂരിൽനിന്ന് കോൺഗ്രസ് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന കൃപ ആൽവയാണ് ഈ മുഴുവൻ നീക്കങ്ങൾക്കും പിന്നിലെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. വ്യാജ ഒളിക്യാമറ ഓപ്പറേഷനിൽ പങ്കുണ്ടെന്ന ശക്തമായ ആരോപണത്തെ തുടർന്ന് മുൻ കെപിസിസി ജനറൽ സെക്രട്ടറിയായ കൃപയെ കഴിഞ്ഞ ദിവസം ആറ് വർഷത്തേയ്ക്ക് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

